News

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ്വ്; ജിഡിപി പോസറ്റീവിലേക്ക് കുതിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കൊറോണ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ലോകജനസംഖ്യയുടെ വലിയൊരു ഭാഗമുള്ള ഇന്ത്യയുടെ സാമ്പത്തികമായ തകര്‍ച്ച ആഗോളതലത്തില്‍ തന്നെ പ്രതിഫലിക്കുമായിരുന്നു. എന്നാല്‍ പതിയെ രാജ്യം തിരിച്ചുകയറുന്നതാണ് കാഴ്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ട് പാദത്തിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഇടിഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ മൂന്നാം പാദത്തില്‍ നേരിയ പ്രതീയാണുള്ളത്. നാലാം പാദത്തില്‍ ജിഡിപി പോസറ്റീവിലേക്ക് എത്തുമെന്നാണ് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി (പിഎച്ച്ഡിസിസിഐ) പറയുന്നത്.

കേന്ദ്രസര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കിയ വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളും ആശാവഹമാണ് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പത്ത് മാസത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണം നിക്ഷേപം ശക്തിപ്പെടുത്തുക, ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുക എന്ന രണ്ട് ലക്ഷ്യങ്ങളിലായിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങളും പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണെന്ന് പിഎച്ച്ഡിസിസിഐ പറയുന്നു.

നിലവിലെ സാമ്പത്തിക മേഖലയിലെ പ്രവണതകള്‍ പരിശോധിച്ചാണ് ജിഡിപി പോസറ്റീവിലേക്ക് കടക്കുമെന്ന് പിഎച്ച്ഡിസിസിഐ നിരീക്ഷിക്കുന്നത്. തൊഴിലില്ലായ്മാ നിരക്ക്, ഓഹരി വിപണി, ജിഎസ്ടി കളക്ഷന്‍, മാനുഫാക്ച്വറിങ് പിഎംഐ, വിദേശ നായണ സംഭരണം, റെയില്‍വെ, വ്യാപാര കയറ്റുമതി, വിദേശ വ്യാപാര കമ്മി, യാത്രാ വാഹനങ്ങളുടെ വില്‍പ്പന എന്നീ മേഖലകളിലെല്ലാം ശുഭപ്രതീക്ഷയുള്ള വിവരങ്ങളാണ് വരുന്നതെന്ന് പിഎച്ച്ഡിസിസിഐ പറയുന്നു.

കഴിഞ്ഞ ഡിസംബറിനേക്കാള്‍ പുരോഗതി ജനുവരിയിലുണ്ടായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദവര്‍ഷത്തില്‍ ജിഡിപിയില്‍ 23 ശതമാനം ഇടിവാണ് സംഭവിച്ചത്. കൊറോണ ശക്തമായ വേളയായിരുന്നു ഈ മൂന്ന് മാസം. ലോക്ക് ഡൗണ്‍ കാരണം വിപണികള്‍ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ ജൂലൈ-സപ്തംബര്‍ കാലയളവില്‍ 7.5 ഇടിവാണ് ജിഡിപിയിലുണ്ടായത്. പിന്നീട് തകര്‍ച്ചയുടെ തോത് വീണ്ടും കുറയുകയാണ് ചെയ്തത്. ഇതാണ് വ്യവസായികള്‍ക്ക് പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം.

Author

Related Articles