News

ഒന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് അഞ്ചായി ചുരുങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Author

Related Articles