ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകള്‍ക്ക് 8,000 കോടി രൂപയുടെ നഷ്ടം
ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരികയാണ്. മാര്‍ച്ച് - ജൂണ്‍ കാലയളവില്‍ 8,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഹോട്ടലുകള്‍ക്ക് സംഭവിച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ കാര്യം കൂടിയെടുത്താല്‍ വരുമാനനഷ്ടം 180 മുതല്‍ 200 ശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യാ ഹോട്ടല്‍ മാര്‍ക്കറ്റ് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു.
ഹോട്ടല്‍ മേഖലയെ നിരീക്ഷിക്കുന്ന എസ്ടിആര് ഏജന്‍സിയുമായി സഹകരിക്കുന്ന ഹോട്ടല്‍ ശൃഖലകളെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഈ കണക്ക്. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2019 കടന്നുപോയതെങ്കില്‍ 2020 വര്‍ഷം ഓര്‍മ്മയിലെ ഏറ്റവും മോശം ചിത്രമാണ് സമര്‍പ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം ഹോട്ടലുകളിലെ മൊത്തം ബുക്കിങ് 38.3 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൊത്തം ബുക്കിങ് 66.4 ശതമാനമായിരുന്നു.
കലണ്ടര്‍ വര്‍ഷമെടുത്താല്‍ 15.7 ശതമാനം മാത്രമാണ് രണ്ടാം ത്രൈമാസ പാദത്തിലെ ഹോട്ടല്‍ ബുക്കിങ് കണക്കുകള്‍. മുന്‍വര്‍ഷമിത് 62.9 ശതമാനമായിരുന്നു. ഓരോ റൂമില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനം 3,400 രൂപയില്‍ നിന്ന് 539 രൂപയായി ഇത്തവണ ചുരുങ്ങി. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ഏപ്രിലിലും പ്രതിദിനം 89,000 റൂമുകളാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിന റൂം ബുക്കിങ് യഥാക്രമം 85,000, 88,000 എന്നിങ്ങനെ കണ്ടു. എന്നാല്‍ ഈ വര്‍ഷം കൊവിഡ് ഭീതിയും ലോക്ക്ഡൗണും ഹോട്ടല്‍ ബിസിനസ് പാടെ തകര്‍ത്തു. രാജ്യത്തെ ആറു പ്രധാന മെട്രോ നഗരങ്ങളിലും ഹോട്ടലുകള്‍ക്ക് ഡിമാന്‍ഡ് തീരെയില്ല (50 മുതല്‍ 55 ശതമാനം വരെ ഇടിവ്).
മാര്‍ച്ച് - ജൂണ്‍ കാലത്ത് ആഢംബര ഹോട്ടലുകള്‍ക്ക് റൂം മാത്രം അടിസ്ഥാനപ്പെടുത്തി 2,700 കോടി രൂപയുടെ വരുമാനനഷ്ടമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് അറിയിക്കുന്നു. ഇടത്തരം ഹോട്ടലുകള്‍ 1,500 കോടി രൂപയുടെ നഷ്ടവും ബജറ്റ് ഹോട്ടലുകള്‍ 600 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തുന്നുണ്ട്. വരുമാനനഷ്ടം ഹോട്ടല്‍ മേഖലയിലെ തൊഴിലവസരങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് പുറമെ ഹോട്ടല്‍ മേഖലയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെയും സാമ്പത്തികപ്രതിസന്ധി വഴിയാധാരമാക്കും. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ ഹോട്ടല്‍ ബിസിനസ് കാര്യമായി 'പച്ച പിടിക്കില്ലെന്നാണ്' റിപ്പോര്‍ട്ട് അടിവരയിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍