News

ഇന്ത്യയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഉണര്‍വിലേക്കെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) പ്രകാരം 0.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചത്. എന്നാല്‍ നവംബറില്‍ ഇത് 1.3 ശതമാനമായിരുന്നു.

വ്യാവസായിക രംഗത്ത് വേഗത കൈവരിക്കുന്നത് കൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഉള്‍പ്പടെ ലഘൂകരിക്കുവാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപ ആവശ്യകതയും ഉപഭോഗവും നേരത്തെ മന്ദഗതിയിലായത് ഉല്‍പാദന മേഖലയെ ഉള്‍പ്പടെ പിന്നോട്ടടിച്ചിരുന്നു. മേഖലകള്‍ തിരിച്ച് നോക്കുകയാണെങ്കില്‍ ഉല്‍പാദന മേഖലയില്‍ 0.1 ശതമാനം ഇടിവ് ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഖനന മേഖലയില്‍ 2.6 ശതമാനവും വൈദ്യുതി മേഖലയില്‍ 2.8 ശതമാനവും വളര്‍ച്ച ലഭിക്കുകയാണുണ്ടായത്.

ഒമിക്രോണ്‍ വ്യാപനം മൂലം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പടെ ഇത് ചെറിയ തോതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപ ആവശ്യങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Author

Related Articles