News

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; അണ്‍ലോക്കില്‍ ആശ്വാസം

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. മെയ് മാസത്തെ 23.48 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.99 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. ഇത് രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളിലെ പുരോഗതിയും ലോക്ക്ഡൗണിന് മുമ്പുള്ള കാലഘട്ടത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകളും കാണിക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ഡാറ്റ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.02 ശതമാനവും ഗ്രാമീണ മേഖലയില്‍ 10.52 ശതമാനവുമാണ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ്, 33.6 ശതമാനം. 21.3 ശതമാനവുമായി ത്രിപുരയാണ് തൊട്ടുപുറകില്‍. ശേഷം 21 ശതമാനവുമായി ജാര്‍ഖണ്ഡും പുറകിലുണ്ട്. സിഎംഐഇയുടെ കണക്കനുസരിച്ച്, ജൂണ്‍ മാസത്തില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 37.3 കോടിയായിരുന്നു. ജോലി അന്വേഷിക്കുന്നവരാകട്ടെ 46.1 കോടിയും. ജൂണില്‍ രാജ്യത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട തൊഴില്‍ നിരക്ക് 35.9 ശതമാനമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 25 -ന് കര്‍ശന നടപടികളോടെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 25.52 ശതമാനമായി ഉയര്‍ന്നു.

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും തകര്‍ന്നടിഞ്ഞതിനാല്‍ തുടര്‍ന്നുള്ള മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 23.48 ശതമാനമായിരുന്നു. ഏപ്രില്‍ മാസത്തില്‍ 12.2 കോടി തൊഴിലുകളാണ് നഷ്ടപ്പെട്ടതെന്നും സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിലെ തൊഴില്‍ നിരക്ക് 8.75 ശതമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് 7.22 ശതമാനവും 7.76 ശതമാനവുമായി തുടര്‍ന്നു. 'തൊഴിലില്ലായ്മ നിരക്ക് കുറയുകയുണ്ടായി, അതോടൊപ്പം തൊഴില്‍ പങ്കാളിത്ത നിരക്ക് ലോക്ക്ഡൗണിന് മുമ്പുള്ള കാലഘട്ടത്തിലേതു പോലെ വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്,' സിഎംഐഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് വ്യാസ് അറിയിച്ചു.

ഗ്രാമീണ മേഖലയിലെ തൊഴില്‍ പുരോഗതിയ്ക്ക് കാരണം സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് വര്‍ദ്ധിച്ചതും ഖാരിഫ് വിതയ്ക്കല്‍ വര്‍ദ്ധനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നഗര തൊഴിലാളികളുടെ ഒരു ഭാഗവും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. വിതയ്ക്കല്‍ പ്രവര്‍ത്തനത്തിലെ വര്‍ദ്ധനവ് കാരണം ഗ്രാമീണ ഇന്ത്യയില്‍, തൊഴിലാളികളുടെ ഉയര്‍ന്ന ഡിമാന്‍ഡും വര്‍ദ്ധിച്ചുവരുന്ന വേതനവുമാണ് നിലവിലുള്ളത്. ഇത് നഗരപ്രദേശങ്ങളിലെ തൊഴിലാളികളെപ്പോലും അങ്ങോട്ട് ആകര്‍ഷിക്കുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles