News

ഇന്ത്യയുടെ സേവന മേഖല തളര്‍ച്ചയില്‍; പിഎംഐ 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയും വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം ഇന്ത്യയുടെ സേവന മേഖലയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ജൂണിലും ഇടിവ് തുടര്‍ന്നു. ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ഇന്ത്യയുടെ സേവന മേഖലയിലെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡക്‌സ് (പിഎംഐ) 2021 ജൂണില്‍ 41.2 ആയി കുറഞ്ഞുവെന്നാണ്. 

സൂചികയില്‍ 50 ന് മുകളിലുള്ള രേഖപ്പെടുത്തല്‍ മേഖലയുടെ വിപുലീകരണത്തെ സൂചിപ്പിക്കുമ്പോള്‍ അതിന് താഴെയുള്ളത് സങ്കോചത്തെ സൂചിപ്പിക്കുന്നു. 2020 ജൂലൈ മുതലുള്ള കാലയളവിലെ ഏറ്റവും വേഗത്തിലുള്ള ഇടിവാണ് ഇക്കഴിഞ്ഞ ജൂണില്‍ ഉണ്ടായിരിക്കുന്നതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ഡാറ്റ വ്യക്തമാക്കുന്നു. സേവന സമ്പദ്വ്യവസ്ഥയിലെ മുഖ്യമായ അഞ്ച് മേഖലകളില്‍ നാലിലും ബിസിനസ്സ് പ്രവര്‍ത്തനവും പുതിയ ഓര്‍ഡറുകളും കുറഞ്ഞു. ഉപഭോക്തൃ സേവനങ്ങളില്‍ അതിവേഗത്തിലുള്ള സങ്കോച നിരക്ക് രേഖപ്പെടുത്തി. വളര്‍ച്ച രേഖപ്പെടുത്തിയ ഏക വിഭാഗം ഗതാഗതവും സംഭരണവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ പതിനാറാം മാസവും കുറഞ്ഞു. ഇന്ത്യന്‍ സേവനങ്ങളുടെ അന്താരാഷ്ട്ര ആവശ്യകത ജൂണില്‍ കൂടുതല്‍ വഷളാകുന്നതാണ് കണ്ടത്. ഇടിവിന്റേ വേഗത ഓരോ മാസവും തീവ്രമാകുന്നതാണ് കണ്ടത്, മേയ് മാത്രമായിരുന്നു ഇതിനൊരു അപവാദം.   

ഈ ഘടകങ്ങള്‍ കാരണം ഇന്ത്യന്‍ സേവന ദാതാക്കളുടെ ബിസിനസ്സ് വികാരം ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും കുറഞ്ഞു, കഴിഞ്ഞ ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണിത്.എന്നിരുന്നാലും, ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ സൂചികകളില്‍ വീണ്ടെടുപ്പ് അധികം താമസിയാതെ പ്രകടമാകും ''രണ്ടാം തരംഗം പിന്‍വലിയുകയും പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഇളവ് വരുത്തുകയും ചെയ്തതിന്റെ ഫലമായി മൊബിലിറ്റി സൂചകങ്ങള്‍ സ്ഥിരമായി ഉയര്‍ന്നു. പക്ഷേ, വ്യത്യസ്ത പ്രദേശങ്ങളുടെ കാര്യത്തില്‍ അത് അസമമായിരുന്നു,''ചീഫ് പന്തീയോണ്‍ മാക്രോ ഇക്കണോമിക്‌സ് ലിമിറ്റഡിലെ ചീഫ് ഏഷ്യാ ഇക്ക്‌ണോമിസ്റ്റ് ഫ്രെയ ബീമിഷ് പറഞ്ഞു.

Author

Related Articles