News

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്; കൊറോണ വ്യാപനം കുറയുന്നത് ആശ്വാസം

മുംബൈ: തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സാമ്പത്തിക രംഗം പതിയെ തിരിച്ചുകയറുന്നു എന്ന് സൂചന. ഇന്ത്യന്‍ ജിഡിപിയില്‍ നേരിയ വളര്‍ച്ചയുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2020ലെ ഇന്ത്യന്‍ ജിഡിപി വളര്‍ച്ചാ പ്രവചനം നെഗറ്റീവ് 8.9 ആക്കി ഉയര്‍ത്തിരിക്കുകയാണ് മൂഡീസ്. നേരത്തെ ഇത് നെഗറ്റീവ് 9.6 ആയിരുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് 8.6 ശതമാനം ആയിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ഇത് നെഗറ്റീവ് 8.1 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ചാണ് റേറ്റിങ് ഏജന്‍സി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദിനേനയുള്ള രോഗബാധിതരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെ ആയിട്ടുണ്ട്. മിക്ക വികസ്വര രാജ്യങ്ങളിലും മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക രംഗം വീണ്ടും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മാറിയ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. കൊറോണ വാക്സിന്‍ കൂടി എത്തുന്നതോടെ പ്രതിസന്ധി അതിവേഗം മറികടക്കാന്‍ സാധിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം സാമ്പത്തിക രംഗത്ത് 24 ശതമാനം ഞെരുക്കം അനുഭവപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ സജീവമാകുകയും ചെയ്തതോടെ സാമ്പത്തിക രംഗം തിരിച്ചുകയറുകയാണ്. ഇത് പ്രതീക്ഷ നല്‍കുന്നതാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക രംഗത്തെ രക്ഷപ്പെടുത്താന്‍ 30000 ലക്ഷം കോടി രൂപയോളം ചെലഴിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം ഘട്ടം പ്രഖ്യാപിക്കവെയാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് 2987641 കോടി രൂപ വിപണിയില്‍ ചെലഴിച്ചതെന്നും മന്ത്രി പറഞ്ഞു. ഇത് ജിഡിപിയുടെ 15 ശതമാനം വരും.

മൂന്നാംഘട്ട ഉത്തേജന പദ്ധതികളാണ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്. 265080 കോടി രൂപയുടെ പ്രഖ്യാപനമാണ് നടത്തിയത്. പ്രധാനമായും 12 പദ്ധതികളാണ് ഉള്‍പ്പെടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതി പ്രഖ്യാപിച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കുന്നതാണ് ഈ പദ്ധതി. ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് അധികമായി 10000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. നികുതി ദായകര്‍ക്ക് ആദായ നികുതി വകുപ്പ് 132800 കോടി രൂപയുടെ റീഫണ്ട് നല്‍കി. നഗരമേഖലയിലെ ഭവന നിര്‍മാണത്തിന് നീക്കിവച്ചത് 18000 കോടി രൂപയാണ്. കൊറോണ വാക്സിന്‍ ഗവേഷണത്തിന് 900 കോടി രൂപയും അനുവദിക്കും.

News Desk
Author

Related Articles