News

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 100 ബില്യണ്‍ ഡോളര്‍ പിന്നിടും

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ ചെലവിന്റെ ഇരട്ടിയാണ്. രാജ്യാന്തര എണ്ണവില ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളില്‍ ഇന്ത്യ $94.3 ബില്യണ്‍ എണ്ണ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു.

ജനുവരിയില്‍ 11.6 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു. മുന്‍വര്‍ഷം ജനുവരിയില്‍ ഇത് 7.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഫെബ്രുവരിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇറക്കുമതി ബില്‍ ഏകദേശം 110-115 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ എണ്ണ ശുദ്ധീകരണ ശാലകളില്‍ വെച്ച് പെട്രോളും ഡീസലും പോലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. എന്നാല്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാചക വാതക എല്‍പിജിയുടെ ഉല്‍പ്പാദനം കുറവാണ്.
202122 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജനുവരി കാലയളവില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി 19.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 33.6 ദശലക്ഷം ടണ്ണായിരുന്നു. മറുവശത്ത്, 51.1 ദശലക്ഷം ടണ്‍ വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (33.4 ബില്യണ്‍ ഡോളര്‍) കയറ്റുമതി ചെയ്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വില താഴ്ന്ന നിലയില്‍ തുടരുമ്പോള്‍, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 196.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ഇന്ത്യ 62.2 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചു. നടപ്പുസാമ്പത്തികവര്‍ഷം 175.9 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 227 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്കായി 101.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചു. റഷ്യ യുക്രൈന്‍ ആക്രമിച്ചപ്പോള്‍ വിതരണം തടസ്സപ്പെടുമെന്ന ഭയത്തില്‍ ബ്രെന്റ് ക്രൂഡ് സ്പോട്ട് വില ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിര്ക്കായ 105.58 ഡോളറായി ഉയര്‍ന്നു. ശേഷം 100 ഡോളറായി കുറഞ്ഞു. ഉയര്‍ന്ന ക്രൂഡ് ഓയില്‍ ഇറക്കുമതി, മാക്രോ ഇക്കണോമിക് പാരാമീറ്ററുകളെ തകര്‍ക്കുമെന്ന് കണക്കാക്കുന്നു.

Author

Related Articles