News

എണ്ണ ഇറക്കുമതി: കാനഡയുടെയും അമേരിക്കന്‍ ഐക്യനാടുകളുടെയും വിഹിതം 11 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനുവരിയിലെ എണ്ണ ഇറക്കുമതിയില്‍ കാനഡയുടെയും അമേരിക്കന്‍ ഐക്യനാടുകളുടെയും വിഹിതം 11 ശതമാനമായി ഉയര്‍ന്നപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ വിഹിതം ഇടിഞ്ഞു. ജനുവരിയില്‍ പ്രതിദിനം 4.8 ദശലക്ഷം ബാരല്‍ (ബിപിഡി) എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍മാസത്തെ അപേക്ഷിച്ച് 6 ശതമാനം ഇടിവാണിത്. എങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് നേരിയ വര്‍ധനയാണിത്.   

കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഇന്ത്യയുടെ ഇറക്കുമതി ഡിസംബറിനെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയായി യഥാക്രമം 142,000 ബിപിഡി, 367,000 ബിപിഡി എന്നീ നിലകളിലെത്തി. യുഎഇക്ക് പിന്നില്‍ എണ്ണ വിതരണത്തില്‍ നാലാം സ്ഥാനക്കാരാകാന്‍ അമേരിക്കക്ക് സാധിച്ചിട്ടുണ്ട്. 'ഇന്ത്യയില്‍ പെട്രോളിന് വേണ്ടിയുള്ള ആവശ്യകത മറ്റ് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ വീണ്ടെടുപ്പ് പ്രകടമാക്കി. വടക്കേ അമേരിക്കന്‍ ഗ്രേഡുകള്‍ പെട്രോള്‍ സമ്പുഷ്ടമാണ്,' റെഫിനിറ്റിവിലെ ലീഡ് അനലിസ്റ്റ് ഇഹ്‌സാന്‍ ഉള്‍ ഹഖ് പറയുന്നു.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഗ്രേഡുകള്‍ അധികവും ഡിസ്റ്റിലേറ്റ് സമ്പുഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബറില്‍ അമേരിക്കയില്‍ നിന്നുള്ള ക്രൂഡ്, മറ്റ് ഉല്‍പ്പാദന മേഖലകളില്‍ നിന്നുള്ളതിനെ അപേക്ഷിച്ച് വിലകുറഞ്ഞതായിരുന്നു. കനേഡിയന്‍ എണ്ണ വലിയ ഡിസ്‌കൗണ്ടിലാണ് വില്‍ക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ രാജ്യത്തിന്റെ എണ്ണ ആവശ്യകതയില്‍ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കുന്നത്.

Author

Related Articles