News

യുഎസിനേക്കാളും വേഗത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരികയാണെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: യുഎസ് സമ്പദ്‌വ്യവസ്ഥയേക്കാളും വേഗത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരികയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് നിര്‍മ്മല സീതാരാമന്റെ പരാമര്‍ശം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷം ഒമ്പത് ശതമാനം നിരക്കില്‍ വളരുമെന്നാണ് പ്രവചനം. എന്നാല്‍, യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ നാല് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടാവുക.

വലിയ പ്രതിസന്ധിക്കിടയിലും കറന്റ് അക്കൗണ്ടില്‍ മിച്ചംപിടിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. 2008ല്‍ രാജ്യം ഇതിനേക്കാളും ചെറിയ പ്രതിസന്ധി നേരിട്ടപ്പോഴും കറന്റ് അക്കൗണ്ടില്‍ കമ്മിയാണ് ഉണ്ടായതെന്നും നിര്‍മ്മല പറഞ്ഞു. യുപിഎ നേരിട്ടതിനേക്കാളും നല്ല രീതിയില്‍ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞു.

2008ല്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ 2.21 ലക്ഷം കോടിയുടെ നഷ്ടമാണ് ജിഡിപിയിലുണ്ടായത്. ഈ പ്രതിസന്ധി സമയത്ത് 9.57 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. ഈ വര്‍ഷം വലിയ നഷ്ടമുണ്ടായെങ്കിലും പണപ്പെരുപ്പം 6.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. 2008-09 വര്‍ഷത്തില്‍ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു.

News Desk
Author

Related Articles