News

കൊറോണ ആഘാതം: വ്യാവസായിക ഉത്പാദനം ഓഗസ്റ്റില്‍ 8 ശതമാനം ഇടിഞ്ഞു

കൊറോണ വൈറസ് മഹാമാരി മൂലം വ്യാവസായിക ഉത്പാദനം ഓഗസ്റ്റില്‍ എട്ട് ശതമാനം ഇടിഞ്ഞു. പ്രധാനമായും ഉത്പാദനം, ഖനനം, ഊര്‍ജ്ജ ഉല്‍പാദന മേഖലകള്‍ എന്നിവയുടെ ഉത്പാദനത്തിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) കണക്കുകള്‍ പ്രകാരം ഉല്‍പ്പാദന മേഖലയിലെ ഉത്പാദനം 8.6 ശതമാനം ഇടിഞ്ഞു. ഖനന, ഊര്‍ജ്ജ മേഖലകളുടെ ഉത്പാദനം യഥാക്രമം 9.8 ശതമാനവും 1.8 ശതമാനവും കുറഞ്ഞു.

2019 ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദനം 1.4 ശതമാനം ചുരുങ്ങിയിരുന്നു. ജൂലൈയില്‍ വ്യാവസായിക ഉത്പാദനം10.4 ശതമാനം ചുരുങ്ങിയിരുന്നു, ഇത് ജൂണിലെ 15.7 ശതമാനത്തേക്കാള്‍ മികച്ചതായിരുന്നു. കൊവിഡ് 19 മഹാമാരിയ്ക്ക് മുമ്പുള്ള മാസങ്ങളില്‍ മഹാമാരിയ്ക്ക് ശേഷമുള്ള മാസങ്ങളിലെ വ്യാവസായിക ഉത്പാദനം താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നിയന്ത്രണങ്ങളില്‍ ക്രമാനുഗതമായി ഇളവ് വരുത്തുന്നതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ത അളവിലും ഡാറ്റാ റിപ്പോര്‍ട്ടിംഗിലും പുരോഗതി ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റിലെ 6.69 ശതമാനത്തില്‍ നിന്ന് 7.34 ശതമാനമായി ഉയര്‍ന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറില്‍ 10.68 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ ഇത് 9.05 ശതമാനമായിരുന്നു.

പ്രധാന പലിശ നിരക്ക് തീരുമാനിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പ്രധാനമായും ചില്ലറ പണപ്പെരുപ്പത്തിന്റെ ഘടകങ്ങളാണ് പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച പലിശനിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്ത റിസര്‍വ് ബാങ്ക് ഉപഭോക്തൃ വില വളര്‍ച്ച അടുത്ത വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 4.5 ശതമാനമായി കുറയുമെന്നും അടുത്ത പാദത്തില്‍ 4.3 ശതമാനമായി കുറയുമെന്നും പ്രവചിച്ചു. പണപ്പെരുപ്പം ലക്ഷ്യമിട്ട പരിധിക്കു മുകളിലാണെങ്കിലും അടിസ്ഥാന ഘടകങ്ങള്‍ പ്രധാനമായും സപ്ലൈ ഷോക്കുകളാണെന്ന് വിലയിരുത്തുന്നു, ഇത് സമ്പദ്വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുമ്പോഴും വിതരണ ശൃംഖലകള്‍ പുന: സ്ഥാപിക്കപ്പെടുകയും പ്രവര്‍ത്തനം സാധാരണ നിലയിലാകുകയും ചെയ്യുന്നതിനാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇല്ലാതാകുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.

Author

Related Articles