News

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 4.25 ദശലക്ഷം ടണ്ണിലെത്തി

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ വിദേശത്തേക്ക് ഇന്ത്യയില്‍ നിന്നും 4.25 ദശലക്ഷം ടണ്‍ പഞ്ചസാര നടപ്പ് മാര്‍ക്കറ്റിങ് വര്‍ഷത്തില്‍ കയറ്റുമതി ചെയ്തതായി വ്യാപാര സംഘടനയായ എഐഎസ്ടിഎ. പഞ്ചസാരയുടെ മാര്‍ക്കറ്റിങ് വര്‍ഷം  2020-21 സെപ്തംബറിലാണ് അവസാനിക്കുക. ആകെ 5.85 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റുമതിക്കായി മില്ലുകള്‍ അയച്ചത്. ഇതില്‍ 1.50 ദശലക്ഷം ടണ്‍ പഞ്ചസാര ഇനിയും കയറ്റുമതി ചെയ്യാനുണ്ട്. ചില മില്ലുകള്‍ക്ക് അവശേഷിക്കുന്ന പഞ്ചസാര സൂക്ഷിച്ച് വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ അവര്‍ കേന്ദ്രസര്‍ക്കാരിനോട് കയറ്റുമതി സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിടണമെന്ന് അറിയിച്ചിട്ടുണ്ട്.

ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് 4.25 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതെന്ന് സംഘടന പറയുന്നു. ഇതില്‍ 1.40 ദശലക്ഷം ടണ്‍ പഞ്ചസാരയും ഇന്തോനേഷ്യയിലേക്കാണ് കയറ്റുമതി ചെയ്തത്. 5.20 ലക്ഷം ടണ്‍ അഫ്ഗാനിസ്ഥാനിലേക്കും 4.36 ലക്ഷം ടണ്‍ യുഎഇയിലേക്കും 3.24 ലക്ഷം ടണ്‍ ശ്രീലങ്കയിലേക്കും കയറ്റി അയച്ചു. നിലവില്‍ 3.59 ലക്ഷം ടണ്‍ പഞ്ചസാര ലോഡിങ് ഘട്ടത്തിലാണ്. ഇതിന് പുറമെ 4.98 ലക്ഷം ടണ്‍ പോര്‍ട്ടുകളിലേക്കുള്ള യാത്രയിലാണെന്നും സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Author

Related Articles