News

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ മുകളിലേക്ക്; മുന്നറിയിപ്പുമായി സിഎംഐഇ

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയാണ് (സിഎംഐഇ) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മാര്‍ച്ചില്‍ 7.60 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തില്‍ 7.83 ശതമാനമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് മാര്‍ച്ചില്‍ 8.28 ശതമാനമായിരുന്നത് ഏപ്രിലില്‍ 9.22 ശതമാനമായി വര്‍ധിച്ചു. അതേസമയം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.29 ശതമാനത്തില്‍നിന്ന് 7.18 ആയി കുറഞ്ഞു.

ഹരിയാനയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത്. 34.5 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊട്ടുപിന്നാലെ 28.8 ശതമാനവുമായി രാജസ്ഥാനുമുണ്ട്. സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് തൊഴിലില്ലായ്മയുടെ പ്രധാന കാരണമെന്നും സി.എം.ഐ.ഇ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ചില്ലറ (റീട്ടെയില്‍) പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തിനിടെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. ഇത് ഈ വര്‍ഷം അവസാനത്തോടെ 7.5 ശതമാനത്തിലെത്തിയേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്. വൈകാതെതന്നെ കേന്ദ്രസര്‍ക്കാര്‍ റിപ്പോ നിരക്ക് വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധന്‍ ഷിലന്‍ ഷാ അഭിപ്രായപ്പെട്ടു.

Author

Related Articles