News

ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും ഒരു ഇന്ത്യന്‍ പകരക്കാരന്‍; എലിമെന്റ്സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തി

പ്രചാരമേറിയ ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനുമൊരു പകരക്കാരന്‍. ഇന്ത്യയുടെ തദ്ദേശീയ 'സൂപ്പര്‍ ആപ്പ്' എലിമെന്റ്സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായുഡുവാണ് എലിമെന്റ്സ് ആപ്പ് ഉദ്ഘാടനം ചെയ്തത്. എട്ടു ഇന്ത്യന്‍ ഭാഷകളില്‍ എലിമെന്റ്സ് ലഭ്യമാണ്. ഫെയ്സ്ബുക്ക് മാതൃകയിലുള്ള സോഷ്യല്‍ മീഡിയ ഫീഡും ചാറ്റ് സൗകര്യവും ആപ്പിന്റെ പ്രത്യേകതകളില്‍പ്പെടും. ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ കോള്‍ സൗകര്യവും എലിമെന്റ്സ് ആപ്പ് ഉറപ്പുവരുത്തുന്നുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എലിമെന്റ്സ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും കിട്ടും.

സുമേരു സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സാണ് ആപ്പിന്റെ സൃഷ്ടാക്കള്‍. ആര്‍ട് ഓഫ് ലിവിങ് സംഘടനയുടെ സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നതും ഇവര്‍ തന്നെ. ആയിരത്തോളം ഐഡി പ്രൊഫഷണലുകളുടെ അധ്വാനമാണ് തദ്ദേശീയമായി എത്തുന്ന എലിമെന്റ്സ് ആപ്പ്. എട്ടു ഇന്ത്യന്‍ ഭാഷകള്‍ ആപ്പിലുണ്ട്. ആഗോള നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ പുറത്തുവരാന്‍ എലിമെന്റ്സ് പ്രചോദനമാകട്ടെയെന്ന് വെങ്കയ്യ നായുഡു ഉദ്ഘാടന വേളയില്‍ അറിയിക്കുകയുണ്ടായി.

നേരത്തെ, രാജ്യത്ത് പ്രചാരമേറിയ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്ക്, ഹെലോ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് വിലക്കു വീണത്. ഈ പശ്ചാത്തലത്തില്‍ ഷെയര്‍ചാറ്റ്, റൊപോസോ, ബോലോ ഇന്ത്യ, ചിങ്കാരി തുടങ്ങിയ ആപ്പുകള്‍ക്ക് മുന്‍നിരയില്‍ കടന്നെത്താനുള്ള അവസരം ഇപ്പോഴുണ്ട്. എലിമെന്റ്സ് ആപ്പിന്റെ നോട്ടവും ഈ മേഖലയില്‍ത്തന്നെ.

സൈബര്‍ സുരക്ഷയില്‍ വീട്ടുവീഴച്ച ചെയ്യില്ലെന്നാണ് എലിമെന്റ്സ് ആപ്പിന്റെ വാഗ്ദാനം. ആപ്പിനകത്തെ ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പുവരുത്തും. രാജ്യത്തെ ഡേറ്റ സുരക്ഷാ നിയമം ആപ്പ് പാലിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചുകഴിഞ്ഞു. എലിമെന്റ്സ് ആപ്പിന്റെ ഡേറ്റ സെര്‍വറുകള്‍ ഇന്ത്യയ്ക്കകത്താണെന്നതും ഇവിടെ പ്രത്യേകം എടുത്തുപറയണം.

നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മികച്ച പ്രതികരണമാണ് എലിമെന്റ്സ് ആപ്പ് കൈവരിക്കുന്നത്. ഇതേസമയം, ആപ്പിനുള്ളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ലെന്ന പരാതി ഉപയോക്തക്കളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുമുണ്ട്. ഈ പ്രശ്നം കമ്പനി വൈകാതെ പരിഹരിക്കുമെന്നാണ് സൂചന. എന്തായാലും ഫെയ്സ്ബുക്കിനെയും വാട്സ്ആപ്പിനെയും മറികടന്ന് ഇന്ത്യന്‍ ജനതയെ സ്വാധീനിക്കാന്‍ എലിമെന്റ്സ് ആപ്പിന് കഴിയുമോ എന്നാണ് ഡിജിറ്റല്‍ ലോകം ഉറ്റുനോക്കുന്നത്. ഇതുവരെ ഒരുലക്ഷത്തില്‍പ്പരം ഡൗണ്‍ലോഡുകള്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നേടിക്കഴിഞ്ഞു.

Author

Related Articles