News

ചെറുകിട വ്യാപാരികള്‍ക്ക് വായ്പ നല്‍കാന്‍ ഗൂഗിള്‍ പേയുമായി സഹകരിച്ച് ഇന്‍ഡിഫി ടെക്നോളജീസ്

യോഗ്യരായ ചെറുകിട വ്യാപാരികള്‍ക്ക് തല്‍ക്ഷണം വായ്പകള്‍ നല്‍കുന്നതിന് യുപിഐ അധിഷ്ഠിത പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയുമായി സഹകരിച്ച് വായ്പാ കമ്പനിയായ ഇന്‍ഡിഫി ടെക്നോളജീസ്. വെള്ളിയാഴ്ചയാണ് ഇന്‍ഡിഫി ടെക്നോളജീസ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

''വായ്പ സഹായത്തിന്റെ അഭാവം മൂലം ഇന്ത്യയിലെ നിരവധി ചെറുകിട ബിസിനസ്സുകള്‍ ഇപ്പോഴും തടസ്സങ്ങളില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുപെടുന്നു. ഈ വിടവ് പരിഹരിക്കാന്‍ ഇന്‍ഡിഫി അതിന്റെ തുടക്കം മുതല്‍ ശ്രമിച്ചിട്ടുണ്ട്. ഗൂഗിള്‍ പേയുമായുള്ള ഞങ്ങളുടെ സഹകരണം ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ്. കൂടാതെ, അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന വലിയ സ്വാധീനത്തെക്കുറിച്ച് ഇന്‍ഡിഫി എപ്പോഴും ശ്രദ്ധാലുവാണ്,' ഇന്‍ഡിഫി ചീഫ് ബിസിനസ് ഓഫീസര്‍ ആദിത്യ ഹര്‍കൗലി പറഞ്ഞു.

വായ്പയെടുക്കല്‍ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്. ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് ആപ്പിലെ യോഗ്യരായ വ്യാപാരികള്‍ക്ക് ഇന്‍ഡിഫില്‍ നിന്നുള്ള ലോണ്‍ ഓഫറുകളില്‍ ക്ലിക്ക് ചെയ്യാനും ഓണ്‍ലൈനായി ഒരു അപേക്ഷ സമര്‍പ്പിക്കാനും കഴിയും. വ്യാപാരിക്ക് തല്‍ക്ഷണ ക്രെഡിറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിന് ഇന്‍ഡിഫി അതിന്റെ എപിഐ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഒന്നിലധികം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തും. ആമസോണ്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ നിരവധി ഡിജിറ്റല്‍ കമ്പനികളുമായി ഇന്‍ഡിഫിക്ക് നിലവിലുള്ള പങ്കാളിത്തമുണ്ട്. ഈ പ്ലാറ്റ്ഫോമുകളില്‍ നിലവിലുള്ള എംഎസ്എംഇകള്‍ക്ക് എംബഡഡ് ലെന്‍ഡിംഗ് ഓഫറുകളിലൂടെ ക്രെഡിറ്റ് ലഭിക്കും.

Author

Related Articles