News

620 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നും 130 കോടി രൂപയുടെ അറ്റാദായത്തിലേക്ക് പറന്നുയര്‍ന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 129.80 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 620.10 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇന്‍ഡിഗോ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍സില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വരുമാനം 9,294.80 കോടിയായി ഉയര്‍ന്നു. 89.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

വലിയ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു. ഞങ്ങളുടെ ബിസിനസ് മോഡല്‍ ശക്തമാണെന്നാണ് ഇത് തെളിയിക്കുന്നത്. ജീവനക്കാരാണ് എപ്പോഴും ഇന്‍ഡിഗോയുടെ ശക്തി. കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാര്‍ എപ്പോഴും ഇന്‍ഡിഗോയോടൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 8,073 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 98.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മറ്റ് അനുബന്ധ വരുമാനം 1,141.70 കോടിയാണ്. രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ ഉള്‍പ്പടെ ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് വരുമാനത്തില്‍ ഇന്‍ഡിഗോ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

Author

Related Articles