News

അഭിമാന നേട്ടവുമായി ഇന്‍ഡിഗോ; ലോക്ക്ഡൗണിന് ശേഷം നടത്തിയത് ഒരു ലക്ഷം വിമാന സര്‍വ്വീസുകള്‍

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വിമാന സര്‍വ്വീസുകള്‍ സാരമായി തന്നെ ബാധിക്കപ്പെട്ടിരുന്നു. ഏറെ നാള്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടു. അതിനിടെ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ ഒരു ലക്ഷം വിമാന സര്‍വ്വീസുകള്‍ തങ്ങള്‍ നടത്തിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാന സര്‍വ്വീസ് ആണ് ഇന്‍ഡിഗോയുടേത്.

മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ 2020 നവംബര്‍ 11 വരെയുളള സമയത്ത് ഒരു ലക്ഷം സര്‍വ്വീസുകളാണ് ഇന്‍ഡിഗോ നടത്തിയത്. ജനങ്ങള്‍ക്ക് തങ്ങളിലുളള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി. കൊവിഡ് കാരണം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ച് എത്തിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തില്‍ അടക്കം പങ്കെടുത്ത വിമാന സര്‍വ്വീസുകളും ഇന്‍ഡിഗോയുടെ ഈ കണക്കിലുണ്ട്. കൂടാതെ യാത്രാ വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, എയര്‍ ബബിള്‍ വിമാനങ്ങള്‍, ചാര്‍ട്ടര്‍ യാത്രാ വിമാനങ്ങള്‍ എന്നിവ നടത്തിയ സര്‍വ്വീസുകളുമുണ്ട്.

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം കമ്പനി അന്‍പതിനായിരം വിമാന സര്‍വ്വീസുകള്‍ സെപ്റ്റംബര്‍ 12ന് പൂര്‍ത്തിയാക്കി. കൊവിഡ് കാലത്തിന് മുന്‍പ് പ്രതിദിനം ആയിരം സര്‍വ്വീസുകള്‍ ഇന്‍ഡിഗോ നടത്തിയിരുന്നു. എന്നാലിപ്പോള്‍ സര്‍വ്വീസുകളുടെ എണ്ണം വളരെ കുറവാണ്. ഹൈദരാബാദില്‍ നിന്നും വാരാണസിയിലേക്കുളള 6ഇ 216 വിമാനത്തിന്റെ സര്‍വ്വീസോടെയാണ് ഒരു ലക്ഷം സര്‍വ്വീസുകള്‍ എന്ന നേട്ടം ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

Author

Related Articles