News

ഐപിഒയിലേക്ക് കടന്ന് ഇന്‍ഡിഗോ പെയ്ന്റ്സും; 1,000 കോടി രൂപ സമാഹരിക്കുന്നു

ഓഹരി വിപണിയിലേക്ക് എത്തി ഇന്‍ഡിഗോ പെയ്ന്റ്സ്. ഐപിഒയിലൂടെ 1,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡിഗോ പെയിന്റ്സിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള കമ്പനിയാണ് നിരവധി അലങ്കാര പെയിന്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇന്‍ഡിഗോ പെയ്ന്റ്സ്. കേരളത്തിലടക്കം കമ്പനിക്ക് നിര്‍മാണ കേന്ദ്രമുണ്ട്.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച് 300 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടര്‍ ഹേമന്ത് ജലന്‍, സ്വകാര്യ ഇക്വിറ്റി കമ്പനിയായ സെക്വോയ ക്യാപിറ്റല്‍ അവരുടെ രണ്ടു ഫണ്ടുകളായ എസ്സിഐ ഇന്‍വെസ്റ്റ്മെന്റ്, എസ്സിഐ ഇന്‍വെസ്റ്റ്മെന്റ് വി എന്നിവര്‍ വഴിയുള്ള 58,40,000 വരെ ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയ്ക്കുള്ള ഓഫറുണ്ട്.

നവംബറില്‍ സെബിക്ക് ഐപിഒ പേപ്പറുകള്‍ സമര്‍പ്പിച്ച ഇന്‍ഡിഗോ പെയിന്റ്സ് ഡിസംബര്‍ 31 ന് റെഗുലേറ്ററിന്റെ അനുമതി കിട്ടി. പ്രാരംഭ ഷെയര്‍സെയില്‍, ഫോളോഓണ്‍ പബ്ലിക് ഓഫര്‍, റൈറ്റ്സ് ഇഷ്യു എന്നിവയുള്‍പ്പെടെ ഓഹരി സംബന്ധിച്ച പൊതു ധനസമാഹരണത്തിന് ഏത് കമ്പനിക്കും സെബിയുടെ അനുമതി ആവശ്യമാണ്.

ഓഹരികള്‍ പുതുതായി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നിലവിലുള്ള ഉല്‍പാദന കേന്ദ്രം വിപുലീകരിക്കുന്നതിനും ടിന്റ്‌റിംഗ് മെഷീനുകളും ഗൈറോ ഷേക്കറുകളും വാങ്ങുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞു.

Author

Related Articles