News

ഭക്ഷ്യ എണ്ണയുടെ വില ഉയരാന്‍ സാധ്യത; പാമോയില്‍ കയറ്റുമതി വിലക്കി ഇന്തോനേഷ്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില ഉയരാന്‍ സാധ്യത. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തോനേഷ്യ കയറ്റുമതി വിലക്കിയതാണ് ആശങ്കയ്ക്ക് കാരണം. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയുന്നത്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ എട്ട് മുതല്‍ എട്ടര ദശലക്ഷം ടണ്‍ വരെ പാമോയിലാണ്. ഇതില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയില്‍ നിന്നെത്തുന്ന പാമോയിലാണ്. ബാക്കി മലേഷ്യയില്‍ നിന്നും. കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വന്‍തോതില്‍ ഉയരാന്‍ കാരണമാകും.

യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ സൂര്യകാന്തി എണ്ണ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണില്‍ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തിയേ മതിയാകൂ. ഇപ്പോള്‍ തന്നെ രാജ്യത്തെ പാമോയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതിനാല്‍ നിരോധനം ഇന്ത്യയ്ക്ക് വലിയ ബാധ്യതയാവും. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കും.

News Desk
Author

Related Articles