News

സര്‍ക്കാര്‍ ഇടപെടല്‍: സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു. കൃഷി വകുപ്പ് ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വകുപ്പ് പച്ചക്കറി സംഭരിക്കാനുള്ള തീരുമാനം കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് കൈക്കൊണ്ടത്. തമിഴ്നാട്, കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കും. ഹോര്‍ട്ടികോര്‍പ്പ് വില തക്കാളിയ്ക്ക് കിലോ 68 രൂപയായി ചുരുക്കി.  

തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.

പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വില വര്‍ദ്ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും  മന്ത്രി പറഞ്ഞു. ശേഖരിക്കുന്ന പച്ചക്കറി ഇന്ന് മുതല്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ വില കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Author

Related Articles