News

ഏപ്രിലില്‍ ഇക്വിറ്റി ഫണ്ടുകളില്‍ 3,437 കോടി രൂപയുടെ അറ്റ വരവ്: എഎംഎഫ്‌ഐ

മുംബൈ: ഇക്വിറ്റി-ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ഏപ്രിലില്‍ 3,437 കോടി രൂപയുടെ അറ്റ വരവ് ഉണ്ടായെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ ഇക്വിറ്റി ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലേക്കുള്ള അറ്റവരവ് 9,115.12 കോടി രൂപയായിരുന്നു. ഫെബ്രുവരിയില്‍ 4,534.36 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയിരുന്നത്.   

അതുപോലെ, ജനുവരിയില്‍ 9,253.22 കോടി രൂപയും 2020 ഡിസംബറില്‍ 10,147.12 കോടി രൂപയും ഇക്വിറ്റി പദ്ധതികളില്‍ നിന്ന് പുറത്തേക്കൊഴുകി. 2020 നവംബറില്‍ 12,917.36 കോടി രൂപയും 2020 ഒക്ടോബറില്‍ 2,724.95 കോടി രൂപയും 2020 സെപ്റ്റംബറില്‍ 734.40 കോടി രൂപയുമായിരുന്നു ഇക്വിറ്റി എംഎഫുകളില്‍ നിന്നുള്ള അറ്റ പിന്‍വലിക്കല്‍.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ഗത്തിലൂടെയുള്ള നിക്ഷേപങ്ങള്‍ മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ കുറഞ്ഞു. മാര്‍ച്ചില്‍ 9,182.42 കോടി രൂപയായിരുന്നു എസ്‌ഐപി വരവെങ്കില്‍ അത് ഏപ്രിലില്‍ 8,590.89 കോടി രൂപയായിരുന്നു. കൂടാതെ, ഓപ്പണ്‍-എന്‍ഡ് വിഭാഗങ്ങളിലെ മൊത്തത്തിലുള്ള പോസിറ്റീവ് ഒഴുക്ക് കാരണം മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 32.42 ലക്ഷം കോടി രൂപ എന്ന റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നു.   

'2021 ഏപ്രിലിലെ ഒഴുക്ക് ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിലെ ആര്‍്ബിട്രേജ്, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ സ്‌കീമുകള്‍, നിശ്ചിത വരുമാന വിഭാഗത്തിലെ ലിക്വിഡ്, പണവിപണി പദ്ധതികള്‍, എന്നിവയാല്‍ നയിക്കപ്പെട്ടു,' എഎംഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് എന്‍.എസ്. വെങ്കിടേഷ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ഈ ഒഴുക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 രണ്ടാം തരംഗം സൃഷ്ടിക്കുന്ന താല്‍ക്കാലിക വെല്ലുവിളികള്‍ക്കിടയിലും നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുഭ പ്രതീക്ഷ പുലര്‍ത്തുന്നതായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായി ആറുമാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ നിക്ഷേപകരായിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ അറ്റ വില്‍പ്പനയിലേക്ക് തിരിഞ്ഞിരുന്നു. ഈ പ്രവണത മേയിലും തുടരുകയാണ്.

Author

Related Articles