News

ഇന്ത്യയില്‍ അതിവേഗം സമ്പാദ്യം വര്‍ധിപ്പിച്ച കമ്പനി ഇന്‍ഫോസിസ്; റിലയന്‍സ് ഇന്‍ഡസ്ട്രീസും ഒപ്പം; ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ അതിവേഗം സമ്പാദ്യം വര്‍ധിപ്പിച്ച കമ്പനി ഇന്‍ഫോസിസാണെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട്. ഇതേകാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്‍കാന്‍ ഐടി പ്രമുഖരായ ഇന്‍ഫോസിസിന് സാധിച്ചു.

1995 മുതല്‍ 2020 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 30 ശതമാനമാണ് കമ്പനിയുടെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്. അതായത് നിക്ഷേപകരുടെ സമ്പാദ്യം 688 മടങ്ങായി വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.73 ലക്ഷം കോടി രൂപയാണ്. 1995 -ല്‍ 300 കോടി രൂപയായിരുന്നു ഇത്.

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് നികുതിക്ക് ശേഷമുള്ള ഇന്‍ഫോസിസ് ഓഹരികളുടെ ലാഭം 33 ശതമാനത്തോളമായി കൂടി. മറുഭാഗത്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍ പോലും കേവലം 9.2 ശതമാനം വളര്‍ച്ചാ നിരക്കാണ് കഴിഞ്ഞ 25 വര്‍ഷംകൊണ്ട് കാഴ്ച്ചവെച്ചതെന്ന് ഇവിടെ പ്രത്യേകം പറയണം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 3,200 എന്ന നിലയില്‍ നിന്നും 29,500 എന്ന നിലയിലേക്കാണ് ഉയര്‍ന്നത് (1995 മാര്‍ച്ച് മുതല്‍ 2020 മാര്‍ച്ച് വരെ).

റിലയന്‍സാണ് സമ്പത്ത് വാരിക്കൂടിയ മറ്റൊരു ഇന്ത്യന്‍ കമ്പനി. കഴിഞ്ഞ 25 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ കമ്പനി റിലയന്‍സാണെന്ന് മോട്ടിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട് പറയുന്നു. 1995 - 2020 കാലഘട്ടത്തില്‍ 6.3 ലക്ഷം കോടി രൂപയാണ് കമ്പനി സ്വരുക്കൂട്ടിയത്. 4.9 ലക്ഷം കോടി രൂപ സമ്പാദിച്ച ഹിന്ദുസ്താന്‍ യൂണിലിവര്‍ കമ്പനിയാണ് റിലയന്‍സിന് പിന്നില്‍ രണ്ടാമത്. പറഞ്ഞുവരുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സമ്പാദ്യം ഗണ്യമായി വര്‍ധിച്ചത് കഴിഞ്ഞ 5 വര്‍ഷംകൊണ്ടാണ്. 2015-2020 കാലത്തുമാത്രം 4.4 ലക്ഷം കോടി രൂപ സമ്പാദിക്കാന്‍ റിലയന്‍സിന് കഴിഞ്ഞു.

സ്വകാര്യ ധനകാര്യ സ്ഥാപനമായ കൊടാക് മഹീന്ദ്ര ബാങ്കാണ് കഴിഞ്ഞ 25 വര്‍ഷംകൊണ്ട് സുസ്ഥിരമായി സമ്പാദ്യം കുറിച്ച കമ്പനി. കൊടാക് മഹീന്ദ്ര ബാങ്കിന് തൊട്ടുപിന്നില്‍ ബെര്‍ഗര്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പട്ടിക പരിശോധിച്ചാല്‍ സുസ്ഥിരമായി ധനം സമ്പാദിച്ച ആദ്യ പത്ത് കമ്പനികളില്‍ ആറും അതിവേഗം ധനം സമ്പാദിച്ച പട്ടികയിലും ഇടംകണ്ടെത്തിയത് കാണാം. ബെര്‍ഗര്‍ പെയിന്റ്സ്, പിഡിലൈറ്റ്, ശ്രീ സിമെന്റ്, ഹണിവെല്‍ ഓട്ടോമേഷന്‍, മതേര്‍സണ്‍ സുമി, സണ്‍ ഫാര്‍മ എന്നിവരാണ് ഇക്കൂട്ടത്തില്‍പ്പെടുന്നത്.

Author

Related Articles