News

ആദായ നികുതി വെബ്സൈറ്റിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: ആദായ നികുതി വെബ്സൈറ്റിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനവുമായി ധനമന്ത്രി. സെപ്റ്റംബര്‍ 15നകം തകരാറുകളെല്ലാം പരിഹരിക്കാനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയത്. വെബ്‌സൈറ്റ് പ്രശ്‌നം അങ്ങേയറ്റം നിരാശജനകമാണെന്നു വ്യക്തമാക്കിയാണ് മന്ത്രിയുടെ അന്ത്യശാസനം. നികുതിദായകര്‍ക്കൊപ്പം സര്‍ക്കാറും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ നിരാശരാണ്. സെപ്റ്റംബര്‍ 15നകം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇ-ഫയലിങ് പോര്‍ട്ടല്‍ നിര്‍മിച്ചത് ഇന്‍ഫോസിസ് ആയിരുന്നു. വെബ്‌സൈറ്റ് തകരാറിനെ തുടര്‍ന്ന് നികുതിദായകര്‍ക്കുണ്ടായ വിഷമം പരിഹരിക്കണമെന്ന് ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും ചിഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ സലീല്‍ പരേഖിനെ ഓഫിസില്‍ വിളിച്ചുവരുത്തി മന്ത്രി ആവശ്യപ്പെട്ടു. ആഗസ്റ്റ് 21 മുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. റിട്ടേണ്‍ നടപടികള്‍ ലഘൂകരിക്കാനും റീഫണ്ട് വേഗത്തിലാക്കാനുമായി 2021 ജൂണ്‍ ഏഴിനാണ് പുതിയ പോര്‍ട്ടല്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചത്. 2019ലാണ് ആദായ നികുതി വകുപ്പിനുവേണ്ടി പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ നിര്‍മിക്കാന്‍ 4242 കോടിക്ക് കരാറുണ്ടാക്കിയത്. 164.5 കോടി രൂപ സര്‍ക്കാര്‍ കൈമാറി.

ആദായ നികുതി വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നുമാണ് ഇന്‍ഫോസിസ് വിശദീകരണം. അറ്റകുറ്റപ്പണി നടന്നതിനാലാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമചോദിക്കുന്നുവെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു. 750 അംഗ സംഘം തകരാര്‍ പരിഹരിക്കാനായി സജീവമായി രംഗത്തുണ്ട്. ഇന്‍ഫോസിസ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രവീണ്‍ റാവുവിന്റെ നേതൃത്വത്തില്‍ ശ്രമം പുരോഗമിക്കുകയാണെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി.

Author

Related Articles