News

ഇന്‍മൊബി നഷ്ടത്തിലേക്ക്; ഒരു വര്‍ഷം മാത്രം നേരിട്ടത് 54 കോടിയുടെ നഷ്ടം, തളര്‍ച്ച നേരിടുന്നത് ഇന്ത്യയിലെ ആദ്യ യൂനികോണ്‍ സ്റ്റാര്‍ട്ടപ്പ്

ബംഗളുരു: ഇന്ത്യയിലെ ആദ്യ യൂനികോണ്‍ സ്റ്റാര്‍ട്ടപ്പ് ആയ ഇന്‍മൊബിയുടെ നഷ്ടം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം ഉയര്‍ന്ന് 54 കോടിരൂപയായി.കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരമ്യപ്പെടുത്തുമ്പോള്‍ 53 ശതമാനമാണ് വര്‍ഷംതോറും ഈ വിഭാഗത്തിലുള്ള വളര്‍ച്ച. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വരുമാനം വര്‍ഷംതോറും ഉയര്‍ന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 384.21കോടിരൂപയായി. 

മുന്‍സാമ്പത്തിക വര്‍ഷം ഇത് 317.81 കോടി രൂപയായിരുന്നു. ഇന്‍മൊബിയുടെ മൊത്തം ചെലവിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19 ല്‍ കമ്പനിയുടെ ചെലവ് 25% ഉയര്‍ന്ന് 440.53 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 351.3 കോടിരൂപയായിരുന്നു. 2016-17 സാമ്പത്തികവര്‍ഷത്തില്‍ മികച്ച അറ്റാദായം നേടിയ കമ്പനി പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ പിന്നോട്ടുപോകുകയായിരുന്നു. പരസ്യസേവനം നല്‍കുന്ന കമ്പനി 2018 ആദ്യത്തോടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കുകയുമുണ്ടായി. മുമ്പുണ്ടായിരുന്ന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി മനീഷ് ദുഗര്‍ കമ്പനി വിട്ട് ഓണ്‍ലൈന്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമായ  പ്രാക്‌റ്റോയില്‍ ചേക്കേറിയതോടെയാണ് പുതിയ നിയമനം നടന്നത്.

സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് സ്‌ക്രീനുകളില്‍ പരസ്യരഹിത ഉള്ളടക്കം നല്‍കുന്ന ബിസിനസിലേക്ക് പിന്നീട് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ ചെലുത്തുകയും ചെയ്തു. നിലവില്‍ ഇന്‍മൊബി ബ്രാന്റിന് കീഴില്‍,ടെലികമ്പനികള്‍ക്കുള്ള ഡാറ്റ മാനേജ്‌മെന്റ് ടൂളായ ട്രൂ ഫാക്ടര്‍,ഇന്‍മൊബി യൂനിഫൈഡ് ക്ലഡ്,ഗ്ലാന്‍സ എന്നി ബിസിനസുകളാണുള്ളത്. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇന്‍മൊബി ഏറ്റവുമൊടുവിലായി പേപാല്‍ സഹസ്ഥാപകന്‍ പീറ്റര്‍തെയിലിന്റെ മിത്രില്‍ കാപ്പിറ്റലില്‍ നിന്നും 45 ദശലക്ഷം ഡോളര്‍നിക്ഷേപം നേടിയിരുന്നു. സോഫ്റ്റ്ബാങ്ക്,ക്ലെയ്‌നര്‍ പെര്‍കിന്‍സ് കോഫീല്‍ഡ് ആന്റ് ബയേഴ്‌സ് ,ഷെര്‍പാലോ വെഞ്ചേഴ്‌സ് അടക്കമുള്ള വിവിധ കമ്പനികളില്‍ നിന്നും ഇന്‍മൊബി നിലവില്‍ 300 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മൊബീല്‍ പരസ്യമേഖലയില്‍ ഫേസുബുക്ക് ,ഗൂഗിള്‍ എന്നിവരുമായാണ് ഇന്‍മൊബിയുടെ മത്സരം.

Author

Related Articles