News

അവകാശികളില്ലാതെ അക്കൗണ്ടുകളില്‍ കിടക്കുന്നത് നൂറുകണക്കിനു കോടി രൂപ

കൊച്ചി: കേരളത്തിലെ വിവിധ ബാങ്കുകളില്‍ എന്‍ആര്‍ഐ ഉള്‍പ്പടെ അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് നൂറുകണക്കിനു കോടി രൂപ. ഓരോ വര്‍ഷവും ഈ തുക റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവല്‍ക്കരണ ഫണ്ടിലേക്ക് (ഡിഇഎഫ്) അടയ്ക്കുകയാണു ബാങ്കുകള്‍ ചെയ്യുന്നത്. കേരളത്തില്‍ 6 ലക്ഷം പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ക്കും അവകാശികളില്ലെന്നു കണ്ടെത്തിയിരുന്നു. നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഇനത്തില്‍ മാത്രം 15 കോടിക്ക് ഇങ്ങനെ അവകാശികളില്ല.

ബാങ്കിലെ തുക എടുക്കാതിരിക്കുകയും 10 വര്‍ഷമായി അക്കൗണ്ടില്‍ പണമിടുകയോ എടുക്കുകയോ ഉള്‍പ്പടെ യാതൊരു ചലനവും ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കില്‍ അവകാശികളില്ലാത്ത അക്കൗണ്ടായി (നിര്‍ജീവ അക്കൗണ്ട്) കണക്കാക്കി അതിലെ തുക നിക്ഷേപക ബോധവല്‍ക്കരണ ഫണ്ടിലേക്ക് അടയ്ക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഫെഡറല്‍ ബാങ്കിന്റെ ചെറിയ ഉദാഹരണം നോക്കുക 2019 മാര്‍ച്ചില്‍ 114.5 കോടിയാണ് ഈ ഫണ്ടിലേക്കു നല്‍കിയത്. 2020 മാര്‍ച്ച് 31ന് നല്‍കിയ തുക 177.3 കോടി. ഫെഡറല്‍ ബാങ്കിന്റെ ഭൂരിപക്ഷം ബ്രാഞ്ചുകളും കേരളത്തിലായതിനാല്‍ ഈ തുകയില്‍ ഭൂരിപക്ഷവും കേരളത്തിലേതായിരിക്കാനിടയുണ്ട്. എല്ലാ വര്‍ഷവും ഇങ്ങനെ തുക നല്‍കാറുമുണ്ട്.

ദേശീയ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. 2018ല്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലുമായി 14578 കോടി രൂപ അവകാശികളില്ലാതെ കിടപ്പുണ്ടായിരുന്നു. 2017നെക്കാള്‍ 27% വര്‍ധന. ഈ വളര്‍ച്ചാ നിരക്ക് അനുസരിച്ചാണെങ്കില്‍ ഇതിനകം മറ്റൊരു 7000 കോടി കൂടി അവകാശികള്‍ ഇല്ലാതെ ആയിട്ടുണ്ടാകും. 21000 കോടിയിലേറെ. ഇതില്‍ എസ്ബിഐയുടെ മാത്രം വിഹിതം 2156.3 കോടിയായിരുന്നു 2018ല്‍. ഇപ്പോള്‍ തുക 3000 കോടി കവിഞ്ഞിട്ടുണ്ട്. അതില്‍ എത്ര കോടി കേരളത്തില്‍ നിന്നെന്നു വേര്‍തിരിച്ച കണക്കില്ല.

എന്നാല്‍ കേരളത്തിലെ എസ്ബിഐ നിക്ഷേപം എസ്ബിഐയുടെ ആകെ നിക്ഷേപത്തിന്റെ ഏകദേശം 7 ശതമാനമാണ്. അതേ അനുപാതംവച്ചു കണക്കാക്കിയാല്‍ എസ്ബിഐയുടെ 3000 കോടി നിര്‍ജീവ അക്കൗണ്ട് തുകയുടെ 7% വരുന്ന തുകയായ 210 കോടി കേരളത്തിലും അവകാശികളില്ലാതെ കിടപ്പുണ്ട്.

പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലാകട്ടെ ദേശീയ സമ്പാദ്യ പദ്ധതി, പിപിഎഫ്,കിസാന്‍ വികാസ് പത്ര എന്നിങ്ങനെ നിരവധി പദ്ധതികളിലായിട്ടാണു പണം. 62000 കിസാന്‍ വികാസ് പത്രയ്ക്കും 1.9 ലക്ഷം റെക്കറിങ് നിക്ഷേപത്തിനും അവകാശികളില്ല. ഈ അക്കൗണ്ടിലെ തുക മുതിര്‍ന്ന പൗരന്‍മാര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള ക്ഷേമഫണ്ടിലേക്കാണു പോകുന്നത്. ദേശീയതലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 16887.6 കോടി രൂപയും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളിലായി 989.6 കോടിയും അവകാശികളില്ലാതെ കിടപ്പുണ്ട്.

Author

Related Articles