News

പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരാണോ നിങ്ങള്‍? ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിക്കുമ്പോള്‍ ഓര്‍ക്കണ്ട കാര്യങ്ങളിതാ; പോളിസി സംബന്ധമായ രേഖകള്‍ പ്രളയത്തില്‍ നശിച്ചാല്‍ എന്ത് ചെയ്യണമെന്നും അറിയാം

കേരളം പ്രളയം മൂലം വലയുന്ന വേളയില്‍ ഏവരും ഇന്‍ഷുറന്‍സ് കിട്ടുമോ എന്ന ചിന്തയിലാണ്. വീടും വാഹനങ്ങളും മറ്റ് തകര്‍ന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായവര്‍ ഏറെയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഇവയ്ക്ക് വൈകാതെ തന്നെ ക്ലെയിം കിട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വേഗത്തിലല്ല ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കുന്നതെങ്കില്‍ ക്ലെയിം ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ പോളിസി എടുത്തിരിക്കുന്ന കമ്പനികളെ ഉടന്‍ അറിയിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. 

പ്രളയ ബാധിതരായ പോളിസി ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഐ ( ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി) നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും ഐആര്‍ഡിഐ പുറത്തിറക്കിയിട്ടുണ്ട്. ക്ലെയിം നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക എത്രയും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നോഡല്‍ ഓഫീസുകള്‍ സ്ഥാപിക്കുകയും ടോള്‍ ഫ്രീ നമ്പറുകള്‍ നല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മാത്രമല്ല എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളും പ്രളയ ബാധിതര്‍ ഫയല്‍ ചെയ്ത ക്ലെയിം സംബന്ധിച്ച് വളരെ വേഗത്തില്‍ തീര്‍പ്പ് ഉണ്ടാക്കി അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതിനായി കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്താനും ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാര തുക ലഭ്യമാകുന്നതിന് മരണ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ പ്രയാസമാണെങ്കില്‍ 2014 ലെ ജമ്മുകാശ്മീര്‍ പ്രളയകാലത്ത് പിന്തുടര്‍ന്ന നടപടികള്‍ സ്വീകരിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

മറ്റു വാഹനങ്ങളുമായുണ്ടാകുന്ന കൂട്ടിയിടി, ബ്രേക്ക് ഡൗണ്‍, കാറില്‍ മഴവെള്ളം കയറിയുണ്ടാകുന്ന മാലിന്യം, എന്‍ജിനില്‍ വെള്ളം കയറി ഉണ്ടാകുന്ന തകരാര്‍(ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഇന്‍ എന്‍ജിന്‍) തുടങ്ങിയവയൊക്കെയാണ് മഴക്കാലത്ത് കാറുകള്‍ നേരിടുന്ന വെല്ലുവിളി. ഉടമകള്‍ സാധാരണ എടുക്കുന്ന തേഡ് പാര്‍ട്ടി, കോംപ്രിഹെന്‍സിവ് ഇന്‍ഷുറന്‍സുകളില്‍ ആക്‌സിഡന്റും മാലിന്യം വൃത്തിയാക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പരിരക്ഷയുണ്ട്. വാഹനത്തിന് ഉണ്ടാകുന്ന ടോട്ടല്‍ ലോസും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്‍ജിനില്‍ വെള്ളം കയറിയുള്ള തകരാറിന് ഇതില്‍ പരിരക്ഷ ലഭിക്കില്ല. 

സാധാരണ പോളിസിയില്‍ കാറിന്റെ പ്ലാസ്റ്റിക്, ഫൈബര്‍, റബര്‍ ഭാഗങ്ങള്‍, പെയിന്റ് തുടങ്ങിയ കാലക്രമത്തില്‍ മൂല്യശോഷണം സംഭവിക്കുന്ന ഭാഗങ്ങള്‍ക്ക് അവയുടെ പഴക്കം(ഡിപ്രിസിയേഷന്‍) അനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളു. പ്രളയത്തില്‍ പെട്ട കാറുകളുടെ ഇത്തരം ഭാഗങ്ങള്‍ മാറ്റുകയോ അറ്റകുറ്റപ്പണി ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പോളിസി സെറ്റില്‍ ചെയ്യുന്ന സമയത്ത് ഇവയുടെ അധിക വില കാറുടമ സര്‍വീസ് സെന്ററില്‍ അടയ്‌ക്കേണ്ടി വരുന്നു. ഈ അധിക ബാധ്യത ഒഴിവാക്കി, ഇത്തരം പാര്‍ട്‌സുകളുടെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു കിട്ടുന്നതിന് ഡിപ്രിസിയേഷന്‍ ഷീല്‍ഡ് (സീറോ ഡിപ്രിസിയേഷന്‍) എന്ന ആഡ് ഓണ്‍ കവറേജ് പോളിസിക്ക് ഒപ്പം എടുക്കുക.

ക്ലെയിം ഫയലിങ് പൂര്‍ത്തിയാക്കാന്‍

എങ്കിലും ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തിട്ടുള്ളവര്‍ ആസ്തികള്‍ക്ക് സംഭവിച്ച നാശ നഷ്ടങ്ങള്‍ വിലയിരുത്തി വളരെ വേഗത്തില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ഫയല്‍ ചെയ്യാന്‍ ശ്രമിക്കണം.  നഷ്ടങ്ങളെ കുറിച്ച് വളരെ വേഗത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിക്കണം. പാരതി നേരിട്ട് സമര്‍പ്പിക്കുകയോ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയാക്കകയോ ചെയ്യാം.എത്ര വൈകുന്നുവോ ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യതയും അത്രത്തോളം കൂടും.

പോളിസി സംബന്ധിച്ചുള്ള ഡോക്യുമെന്റുകളില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ട സമയപരിധിയെ കുറിച്ച് പറഞ്ഞിട്ടുണ്ടാവും. അതിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുക. ക്ലെയിം ഫയല്‍ ചെയ്യാന്‍ കഴിയാതെ വരികയോ കാലതാമസം നേരിടുകയോ ചെയ്താല്‍ അതിന്റെ കാരണം ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിക്കുക. കാരണം ന്യായമാണെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ തയ്യാറാകും.

പ്രളയത്തില്‍ പോളിസി സംബന്ധമായ രേഖകള്‍ നഷ്ടപ്പെട്ടു എന്നു കരുതി വിഷമിക്കേണ്ടതില്ല. രേഖകള്‍ എല്ലാം നഷ്ടപ്പെട്ട കാര്യം അറിയിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിങ്ങളെ സഹായിക്കും. ഫോണ്‍ നമ്പര്‍ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ മിക്ക കമ്പനികള്‍ക്കും നിങ്ങളുടെ പോളിസി വിവരങ്ങള്‍ എല്ലാം കണ്ടെത്താന്‍ കഴിയും.

Author

Related Articles