News

കൊവിഡ് ചികിത്സ: ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; 40 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചതായി റിപ്പോര്‍ട്ട്. മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ 40 ശതമാനമാണ് ഉയര്‍ന്നത്. പോളിസി ബസാര്‍ എന്ന വെബ്സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 60 വയസ് പ്രായത്തിന് മുകളിലുള്ളവരാണ് കഴിഞ്ഞ മാസത്തില്‍ ഏറ്റവും കൂടുതല്‍ പോളിസികള്‍ ക്ലെയിം ചെയ്തിരിക്കുന്നത്. രണ്ടാമതായി 41 മുതല്‍ 45 വരെ പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 26 ശതമാനം ഇന്‍ഷൂറന്‍സുകള്‍ മാത്രമാണ് കൊവിഡുമായി ബന്ധപ്പെട്ട് ക്ലെയിം ചെയ്തിട്ടുള്ളൂ. ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, നാഡീവ്യവസ്ഥയിലെ തകരാറുകള്‍, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കാണ് ബാക്കി 74 ശതമാനം പേരും ക്ലെയിം ചെയ്തിരിക്കുന്നതെന്ന് പൊളിസി ബസാര്‍ മേധാവി അമിത് ഛാബ്ര പറഞ്ഞു. 46-50 വയസ്സിനിടയിലുള്ളവര്‍ക്ക് ശരാശരി ക്ലെയിം തുക 1,18,000 രൂപയും ഏറ്റവും ഉയര്‍ന്ന ക്ലെയിം തുക് 2.19 ലക്ഷം രൂപയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാരംഭ മാസങ്ങളില്‍, ഐആര്‍ഡിഐ കൊവിഡ് നിര്‍ദ്ദിഷ്ട പോളിസികള്‍ അവതരിപ്പിച്ചപ്പോള്‍ അവ വാങ്ങിക്കാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ ആരോഗ്യ പരിരക്ഷയുടെ ആവശ്യകത കൂടുതല്‍ ജനങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട് ആളുകളെ കൊവിഡ് 19 പോളിസികളില്‍ നിന്ന് സമഗ്രമായ പോളിസികളിലേക്ക് മാറാന്‍ ഐആര്‍ഡിഎ അനുവദിക്കുന്നുണ്ടെന്നും ഛാബ്ര അറിയിച്ചു.

ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പോളിസി തുക അടയ്ക്കുന്നതിനുള്ള സൗകര്യവും ഐആര്‍ഡിഎ ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ താങ്ങാനാകുന്നതാക്കി. ഇപ്പോള്‍ 35 വയസുള്ള പുരുഷന് ഒരു കോടി രൂപ മൂല്യമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്ക് പ്രതിമാസം 1,000 നും 1,500 രൂപയ്ക്കും ഇടയില്‍ അടയ്ക്കുന്ന രീതിയില്‍ ലഭിക്കുമെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു.

Author

Related Articles