News

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്കില്‍ നിക്ഷേപിക്കാന്‍ അനുമതി

കോഴിക്കോട്: സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ കേരള ബാങ്കിലും നിക്ഷേപത്തിന് അനുമതി നല്‍കി ധനവകുപ്പ്. സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വകുപ്പുകള്‍ തുടങ്ങിയവരുടെ ഫണ്ട് കേരള ബാങ്കിലേക്കു മാറ്റാനാണ് അനുമതി.

കേരള ബാങ്കിനുള്ള അന്തിമ അനുമതി റിസര്‍വ് ബാങ്കിന്റെ പരിഗണനയിലിരിക്കെ മൂലധനപര്യാപ്തത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് നിര്‍ദേശം. ബവ്‌റിജസ് കോര്‍പറേഷന്‍, സര്‍വകലാശാലകള്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കോടിക്കണക്കിനു രൂപയാണ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലും ട്രഷറികളിലുമായി ഉള്ളത്.

ഈ നിക്ഷേപങ്ങളുടെ ഒരു ഭാഗമെങ്കിലും കേരള ബാങ്കിലേക്ക് എത്തിക്കാനാണു നീക്കം. നിലവില്‍ വലിയ ബാധ്യതയുള്ള ടേം ഡിപ്പോസിറ്റുകളാണ് കേരള ബാങ്കില്‍ ഉള്ളത്. ചെലവു കുറഞ്ഞ സേവിങ്‌സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങള്‍ എത്തുന്നതു ലാഭക്ഷമത വര്‍ധിപ്പിക്കും.
ജില്ലാ ബാങ്കുകള്‍ ലയിച്ചു കേരള ബാങ്ക് ആയി മാറിയപ്പോള്‍ 9% മൂലധന പര്യാപ്തത വേണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. അതു കൈവരിക്കുക കൂടി ലക്ഷ്യമിട്ടാണ് ബാങ്കിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ തീരുമാനം.

Author

Related Articles