News

ഓഹരി വിപണി ഉന്നമിട്ട് ഐസിഐസിഐ; ലക്ഷ്യം ഐപിഒ

മുംബൈ: നാല് വര്‍ഷത്തിനിടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്ത് ഏറ്റവും വലിയ ഹയറിംഗ് നടത്താന്‍ ഐസിഐസിഐ. രാജ്യത്തെ ഓഹരി വിപണികള്‍ ഉന്നമിട്ട് നിരവധി സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നതാണ് കാരണം. അടുത്തിടെ ദൃശ്യമാകുന്ന ഐപിഒ ബൂം മുതലെടുത്ത് ബിസിനസ് വര്‍ധിപ്പിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്ക് ഉദ്ദേശിക്കുന്നത്.   

മിഡ്-സീനിയര്‍ തലങ്ങളിലുള്ള നിരവധി പേരെ ജോലിക്കെടുക്കാനാണ് മുംബൈ കേന്ദ്രമാക്കിയ ഐസിഐസിഐ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 130ഓളം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സുണ്ട് സ്ഥാപനത്തിന്. ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാകും ജോലിക്കെടുക്കുക. 2017ന് ശേഷം ഇത്തരത്തിലൊരു റിക്രൂട്ട്‌മെന്റ് തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് തലവന്‍ അജയ് സറഫ് പറയുന്നു.

അടുത്ത 12 മാസങ്ങളിലേക്ക് ടെക്, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ നിക്ഷേപ താല്‍പ്പര്യം വലിയ തോതില്‍ ഉണ്ടാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. 2021ല്‍ ഇതിനോടകം തന്നെ വിവിധ കമ്പനികള്‍ ഐപിഒകളിലൂടെ സമാഹരിച്ചത് 3 ബില്യണ്‍ ഡോളറാണ്. 2018ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. സൊമാറ്റോ, പോളിസി ബാസാര്‍, നൈക ഇ റീട്ടെയ്ല്‍ തുടങ്ങിയ സെലിബ്രിറ്റി സ്ഥാപനങ്ങളുടെ ഐപിഒ വരാനിരിക്കുന്നതേയുള്ളൂ.

News Desk
Author

Related Articles