News

എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയിട്ടും ഇന്ത്യയോട് കൂടുതല്‍ അടുക്കാന്‍ ഇറാന്‍; ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ തരാമെന്ന് 'ഓഫര്‍'; ഓണ്‍ അറൈവല്‍ വിസയുടെ കാലാവധി 90 ദിവസമാക്കി ഉയര്‍ത്തി

ഡല്‍ഹി: ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറച്ചിട്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊര്‍ജ്ജിതമാക്കുവാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കാമെന്ന് വാഗ്ദാനമാണ് ഇപ്പോള്‍ ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. എണ്ണ ഇറക്കുമതിയിലെ കടുംപിടുത്തം മാത്രമല്ല ഛാബാര്‍ പോര്‍ട്ടിന്റെ നിര്‍മ്മാണത്തിനായുള്ള നിക്ഷേപത്തില്‍ ഇന്ത്യ തുക കുറയ്ക്കുമെന്നും അടുത്തിടെ അറിയിപ്പുണ്ടായിരുന്നു. മാത്രമല്ല ഇറാനിലേക്കുള്ള ഓണ്‍ അറൈവല്‍ വിസയുടെ കാലാവധി 90 ദിവസമായി ഉയര്‍ത്തി. 

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായിരിക്കെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ വ്യക്തമായ നിലപാടെടുത്തിരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി വെക്കുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എണ്ണ ഇറക്കുമതി ഉള്‍പ്പടെ നിരവധി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയും ഇറാനും ആ ബന്ധങ്ങളെല്ലാം തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇറാനുമായുള്ള ബന്ധം വേണ്ടെന്നുവെക്കാന്‍ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ധമുണ്ടോ എന്ന പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അത് മറ്റുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെതുടര്‍ന്ന് മാറ്റമുണ്ടാവുന്നതല്ല.' എണ്ണ ഇറക്കുമതി കുറച്ചിട്ടില്ലെങ്കിലും നേരിയ തോതില്‍ അതില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Author

Related Articles