ഓഹരി വിഭജനവുമായി ഐആര്‍സിടിസി; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ഓഹരി വിഭജനവുമായി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്). വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. വിപണിയില്‍ ഇപ്പോഴുള്ള ഓരോ ഓഹരി യൂണിറ്റിനെയും അഞ്ചാക്കി വിഭജിക്കാനാണ് ഐആര്‍സിടിസിയുടെ തീരുമാനം. അതായത് 1:5 അനുപാതത്തില്‍ ഐആര്‍സിടിസിയുടെ ഓഹരി വിഭജനം നടക്കും. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഐആര്‍സിടിസി ഓഹരി 1:5 അനുപാതത്തില്‍ വിഭജിക്കുമ്പോള്‍ ഓരോ ഓഹരിയുടെയും മുഖവില രണ്ടു രൂപയായി മാറും.
എന്തായാലും ഓഹരി വിഭജിക്കാനുള്ള ഐര്‍സിടിസി ബോര്‍ഡിന്റെ തീരുമാനത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയവും മറ്റു ഓഹരിയുടമകളും പച്ചക്കൊടി കാട്ടേണ്ടതുണ്ട്.
ഇതേസമയം, ഓഹരി വിഭജിക്കാനുള്ള നീക്കം മുന്‍നിര്‍ത്തി ഓഹരി വിപണിയില്‍ ഐആര്‍സിടിസി ഓഹരികള്‍ താഴേക്ക് കൂപ്പുകുത്തുകയാണ്. വെള്ളിയാഴ്ച്ച 2,712.95 രൂപയില്‍ വ്യാപാരം തുടങ്ങിയ ഐആര്‍സിടിസി 9.30 ആയപ്പോഴേക്കും 2,651.50 രൂപ വരെ വീഴ്ച രേഖപ്പെടുത്തി. ഇന്നലെ 2,689.80 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച്ച 1 ശതമാനത്തിന് മുകളില്‍ തകര്‍ച്ച ഐആര്‍സിടിസി ഓഹരികളില്‍ കാണാം. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകളില്‍ 3.41 ശതമാനം ഉയര്‍ച്ച കുറിച്ചതിന് ശേഷമാണ് കമ്പനിയുടെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. കഴിഞ്ഞ ഒരു മാസത്തെ (16.85 ശതമാനം, 383.25 രൂപ), ആറ് മാസത്തെ (55.14 ശതമാനം, 944.60 രൂപ), 1 വര്‍ഷത്തെ (92.02 ശതമാനം, 1273.60 രൂപ) കണക്കുകളിലും ഐആര്‍സിടിസി നേട്ടത്തിലാണ് തുടരുന്നത്.
എന്താണ് ഓഹരി വിഭജനം?
1,000 രൂപയുടെ 10 ഓഹരികളുണ്ടെന്ന് കരുതാം. പ്രസ്തുത കമ്പനി 1:10 അനുപാതത്തില്‍ ഓഹരി വിഭജിക്കാന്‍ തീരുമാനിച്ചാല്‍ ഓഹരികളുടെ എണ്ണം 100 ആയി വര്‍ധിക്കും. ഇതേസമയം, ഒരോ ഓഹരിയുടെയും വില 100 രൂപയായി കുറയും. ഫലത്തില്‍ നിക്ഷേപകന്റെ കൈവശമുള്ള ഓഹരി മൂല്യത്തില്‍ വ്യത്യാസം സംഭവിക്കുന്നില്ല. കുറച്ചുകൂടി വലിയ ചിത്രം നോക്കിയാല്‍ ഓഹരി വിഭജിക്കുമ്പോള്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിലും കുറവ് വരുന്നില്ല. എന്നാല്‍ ഈ നടപടിയിലൂടെ വിപണിയിലെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയാണ്.
ഓഹരി വിഭജനത്തെ കുറിച്ചുള്ള അടുത്ത ചോദ്യം ലാഭത്തെക്കുറിച്ചായിരിക്കും. ഓഹരികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ലാഭവിഹിതവും കൂടുമോ? ഇല്ലയെന്നാണ് ഇതിനുത്തരം. കാരണം മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുക. ഓഹരി വിഭജിക്കുമ്പോള്‍ ഓരോ ഓഹരികളുടെയും മുഖവില കുറയും. അതുകൊണ്ട് ലാഭവിഹിതത്തില്‍ വര്‍ധനവ് സംഭവിക്കുകയില്ല.
ഓഹരി വിഭജനവും ബോണസായി ഓഹരി നല്കുന്നതുംകൊണ്ട് കമ്പനിയുടെ അടിസ്ഥാന മൂലധനത്തില്‍ മാറ്റം വരുത്തുന്നില്ല. അതായത് അടിസ്ഥാന മൂലധനത്തില്‍ മാറ്റം വരാത്തിടത്തോളം നിക്ഷേപകന് വലിയ നേട്ടമൊന്നും കിട്ടില്ല. പിന്നെന്തിനാണ് ഓഹരി വിഭജനമെന്ന് പലര്‍ക്കും സംശയമുണ്ടാകും. ഓഹരി എക്സ്ചേഞ്ചുകളില്‍ ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജിക്കലിന് പ്രേരിപ്പിക്കുന്നത്. കാലങ്ങള്‍ മുന്‍പ് ഓഹരി വിപണിയില്‍ പേരുചേര്‍ത്ത കമ്പനികള്‍ ഓഹരി വിഭജനം നടത്തുന്നത് സാധാരണമാണ്.
ഐആര്‍സിടിസിയുടെ കാര്യത്തില്‍ 1:5 അനുപാതത്തിലാണ് വിഭജനം നടക്കുക. അതായത് ഇപ്പോഴത്തെ ഓരോ ഓഹരിയും അഞ്ചായി വിഭജിക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഐആര്‍സിടിസിയുടെ നിലവിലെ 125,00,00,000 ഓഹരികള്‍ 25,00,00,000 ഓഹരികളായി വര്‍ധിക്കും. ബോര്‍ഡ് തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത മൂന്നുമാസം കൊണ്ട് ഓഹരി വിഭജിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്.
വിഭജിക്കല്‍ നടന്നുകഴിഞ്ഞാല്‍ 2,600 രൂപ നിലവാരത്തില്‍ നിന്നും 500-550 രൂപ വിലയിലേക്ക് ഐആര്‍സിടിസിയുടെ ഓഹരി വില നിജപ്പെടും. നിലവില്‍ പല പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരോട് ഐആര്‍സിടിസി ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. 450-470 രൂപ വില നിലവാരത്തിലെത്തിയാല്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങാം. 370 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം. അടുത്ത നാലോ അഞ്ചോ വര്‍ഷം കൊണ്ട് വിഭജിക്കലിന് മുന്‍പുള്ള വിലയിലേക്കെത്താന്‍ ഐആര്‍സിടിസിക്ക് കഴിയുമെന്നാണ് ഇവരുടെ നിരീക്ഷണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍