News

വാട്‌സാപ്പ് പേയ്‌മെന്റിന്റെ വരവില്‍ മോദി സര്‍ക്കാര്‍ ആശങ്കയില്‍; 'ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുമോ' എന്ന് ചോദ്യം; സ്വകാര്യ വിവര ചോര്‍ച്ച ഉപഭോക്താക്കളെ ഭയപ്പെടുത്തുമ്പോള്‍ 'സുരക്ഷ' ഉറപ്പ് പറഞ്ഞ് വാട്‌സാപ്പ് തലവന്‍

ഡല്‍ഹി: സമൂഹ മാധ്യമ ഭീമനായ വാട്‌സാപ്പ് ഇന്ത്യയില്‍ പേയ്‌മെന്റ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന്  പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്. വാട്‌സാപ്പിന്റെ തന്നെ സഹകമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുമായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാനുള്ള സാധ്യയതുണ്ടെന്നും വരിക്കാരുടെ സ്വകാര്യത, വാണിജ്യം സംബന്ധിച്ച വിവരങ്ങള്‍ എന്നിവയുടെ സുരക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഗൂഗിള്‍ പേ, വാട്‌സാപ്പ്, എന്നീ സര്‍വീസുകളിലൂടെ ശേഖരിക്കുന്ന ഉപഭോക്തൃ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് വരുത്തണമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ)യോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയില്‍ റീട്ടെയില്‍ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എന്‍പിസിഐ.ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ തത്സമയം പണം കൈമാറാന്‍ പ്രാപ്തമാക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ളതാണ് വാട്ട്സ്ആപ്പിന്റെ നിര്‍ദ്ദിഷ്ട പേയ്മെന്റ് സേവനം. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഫെയ്സ്ബുക്കും അതിന്റെ വാട്ട്സ്ആപ്പ് ഇതര അനുബന്ധ സ്ഥാപനങ്ങളും യുപിഐ ഇടപാട് വിവരങ്ങള്‍  ഉപയോഗിക്കുന്നില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഏറ്റവും അധികം ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് കൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ തങ്ങള്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്നാണ് വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാച്ച്കാര്‍ട്ട് കഴിഞ്ഞ ദിവസം അറിയിച്ചത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് 2023 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരത്തിലെത്തുമെന്നാണ് അവകാശപ്പെടുന്നത്. ഇത് ഏകദേശം 69 ലക്ഷം കോടി രൂപയോളം വരും. 

ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റില്‍ ഇന്ത്യന്‍ വിപണി കൈയ്യടക്കിയിരിക്കുന്ന ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, മൊബിക്വിക് എന്നിവയോട് മത്സരിക്കാനാണ് വാട്സാപ്പ് ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കാലം നിലനിന്നു വന്ന പേയ്‌മെന്റ് ഓപ്പറേറ്റര്‍മാരാണിവര്‍. പേപാല്‍ ഇന്ത്യയില്‍ പേയ്‌മെന്റ് സേവനം ആരംഭിക്കാന്‍ ശ്രമിക്കുന്നതായും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ഉപായങ്ങള്‍ മെനയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വാട്‌സ്ആപ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഉപയോക്താക്കളില്‍ 200 ദശലക്ഷത്തിലധികം വരുന്നത് ഇന്ത്യക്കാര്‍ ആയതിനാല്‍ ഇത് കമ്പനിക്ക് ഒരു വലിയ അവസരമാണൊരുക്കുന്നത്. ഒരു ദശലക്ഷം ഉപയോക്താക്കള്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ചുവെങ്കിലും രാജ്യത്തെ പോളിസി മാറ്റങ്ങള്‍ കാരണം ഇത് നീണ്ടു പോവുകയായിരുന്നു.

Author

Related Articles