News

ഐടി തൊഴില്‍ തേടുന്നവര്‍ക്ക് സൗജന്യ ജോബ് പോര്‍ട്ടല്‍; ഇതുവരെ ജീവനക്കാരെ നിയമിച്ചത് 410 ഐടി കമ്പനികള്‍

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്ക് മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിദ്ധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ ഒന്നാം വര്‍ഷത്തിലേക്ക്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 410 ഐടി കമ്പനികള്‍ ഇപ്പോള്‍ ഈ പോര്‍ട്ടല്‍ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കമ്പനികളിലെ തൊഴിലവസരങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. ജീവനക്കാരുടെ റഫറന്‍സ് വഴിയാണിത്.

ഇതുവരെ 9,630 പ്രൊഫൈലുകള്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 14360 തൊഴിലുകള്‍ ജോബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തു. 35600 പേര്‍ ഇതുവരെ പോര്‍ട്ടല്‍ വഴി ജോലി തേടിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്, യുഎസ്ടി, അലയന്‍സ്, ഇവൈ, എക്സ്പീരിയോണ്‍, ക്യുബസ്റ്റ്, ഫിന്‍ജെന്റ് തുടങ്ങിയ കമ്പനികളിലും നിരവധി സ്റ്റാര്‍ട്ടപ്പുകളലും തൊഴില്‍ കണ്ടെത്താന്‍ ഈ പോര്‍ട്ടല്‍ സഹായിക്കും.

കോവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേര്‍ക്കാണ് മികച്ച അവസരങ്ങള്‍ ഇതുവഴി ലഭിച്ചത്. പോര്‍ട്ടലിലെത്തുന്ന വിവരങ്ങള്‍ അതേ സമയം തന്നെ പ്രതിധ്വനിയുടെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി ഏകദേശം 14,500 പേരിലേക്ക് നേരിട്ട് എത്തും. പോസ്റ്റ് ചെയ്യുന്ന ജോലി ഒഴിവുകള്‍ വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പരസ്യപ്പെടുത്തുന്നത്. ഐടി ജോലികള്‍ തേടുന്നവര്‍ക്കും ഐടി കമ്പനികള്‍ക്കും പൂര്‍ണമായും സൗജന്യമാണ് ഈ പോര്‍ട്ടലിലെ സേവനം. നിരവധി കമ്പനികള്‍ക്ക് നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജോബ് പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്തവരുടെ പ്രൊഫൈലുകള്‍ കൈമാറുന്നു. ഇവയില്‍ നിന്ന് കമ്പനികള്‍ക്ക് ആവശ്യമായി ജീവനക്കാരെ കണ്ടെത്താം.

Author

Related Articles