News

ഐടി കമ്പനികള്‍ക്ക് പണിയില്ല; കോവിഡ് ദുരിതം ഒഴിയുന്നില്ല

കൊവിഡ് കാലത്ത് ഐടി കമ്പനികളുടെ കച്ചവടം ഗണ്യമായി ഇടിഞ്ഞിരിക്കുന്നു. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, എച്ച്സിഎല്‍ ടെക്ക് തുടങ്ങിയ കമ്പനികളില്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പണി കുറവാണ്. കാരണം കൊവിഡ് പ്രതിസന്ധിത്തന്നെ. ഒട്ടുമിക്ക ക്ലയന്റുമാരും പ്രൊജക്ടുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ചിലരാകട്ടെ, പ്രൊജക്ടുകള്‍ പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം ഐടി കമ്പനികളെല്ലാം താഴ്ന്ന വരുമാന മാര്‍ജിനുകളിലേക്കാണ് തുറിച്ചുനോക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ വിഭവശേഷി കൃത്യമായി വിനിയോഗിക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല.

ഇതേസമയം, ഈ വര്‍ഷം തുടക്കംവരെ പിടിപ്പത് തിരക്കിലായിരുന്നു ഐടി കമ്പനികള്‍. പരിമിതമായ ജീവനക്കാരെക്കൊണ്ട് കൂടുതല്‍ ജോലി പൂര്‍ത്തിയാക്കുകയെന്ന തന്ത്രമാണ് ഇവര്‍ നടപ്പിലാക്കിയത്. ഫലമോ, കൂടുതല്‍ ചിലവില്ലാതെ കമ്പനികള്‍ കൂടുതല്‍ വരുമാനം കണ്ടെത്തി. പക്ഷെ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഐടി കമ്പനികളുടെയെല്ലാം കണക്കുകൂട്ടലുകള്‍ പാളി. നിലവിലുള്ളതും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതുമായ പ്രൊജക്ടുകളും കരാറുകളും സ്തംഭിച്ചു നില്‍ക്കുകയാണ്. പ്രൊജക്ടുകള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ക്ലയന്റുമാര്‍ ആവശ്യപ്പെടുമ്പോള്‍ കമ്പനികള്‍ക്ക് മറ്റു നിര്‍വാഹമില്ല. വെറുതെയിരിക്കുന്ന ജീവനക്കാരെ പുതിയ പ്രൊജക്ടുകളിലേക്ക് പരിശീലനം കൊടുക്കുകയാണ് ഐടി കമ്പനികള്‍ക്ക് മുന്‍പിലുള്ള ഇപ്പോഴത്തെ പോംവഴി. എന്നാല്‍ പ്രൊജക്ടില്ലാതെ വെറുതെയിരിക്കുന്ന ജീവനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നു.

ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ട്രെയിനികളെ കൂട്ടാതെയുള്ള ഇന്‍ഫോസിസിന്റെ വിഭവശേഷി ഉപയോഗ നിരക്ക് 81.2 ശതമാനമാണ് രേഖപ്പെടുത്തുന്നത്. മുന്‍ പാദത്തിലാകട്ടെ 83.5 ശതമാനമായിരുന്നു ജീവനക്കാരെ വിവിധ പ്രൊജക്ടുകളിലായി കമ്പനി വിനയോഗിച്ചത്. പുതിയ സാഹചര്യത്തില്‍ നിലവിലെ നിരക്കില്‍ മുഖ്യധാരാ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഐടി കമ്പനികള്‍ നന്നെ ബുദ്ധിമുട്ടുന്നുണ്ട്. ജോലിയില്ലാതെ വെറുതെയിരിക്കുന്ന ജീവനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ കഷ്ടപ്പെടുന്നു. ഇത്തരം ജീവനക്കാരെ എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിലാണ് ഐടി കമ്പനികള്‍ തലപുകയ്ക്കുന്നത്. സൈബര്‍ സുരക്ഷ, റാപ്പിഡ് ഡിജിറ്റൈസേഷന്‍ മേഖലകളില്‍ ഡിമാന്‍ഡുണ്ടെങ്കിലും ആവശ്യമായ കഴിവും പരിചയസമ്പത്തും നിര്‍ണായകമാവുന്നു.

നിലവില്‍ വിസാ കാലാവധി കഴിഞ്ഞ ഓണ്‍സൈറ്റ് ജീവനക്കാരെ പ്രൊജക്ടുകളില്‍ പങ്കെടുക്കാന്‍ ഇന്‍ഫോസിസ് അനുവദിക്കുന്നില്ല. പകരം ഇവര്‍ക്ക് പ്രത്യേക അലവന്‍സ് മാത്രമാണ് കമ്പനി നല്‍കുന്നത്. എന്തായാലും സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഐടി കമ്പനികളെല്ലാം. നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഐടി മേഖലയുടെ തളര്‍ച്ചയ്ക്ക് കാരണമാണ്. ഈ വര്‍ഷാവസാനം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നപക്ഷം ഐടി കമ്പനികളുടെ സ്ഥിതി കൂടുതല്‍ കഷ്ടത്തിലാകുമെന്ന് കരുതുന്നവരും കുറവല്ല.

Author

Related Articles