News

ഇന്ത്യന്‍ വൈദ്യുത വിതരണ മേഖലയിലേക്ക് കടക്കാന്‍ തയാറെടുത്ത് എനല്‍ ഗ്രൂപ്പ്

സ്വകാര്യ കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ഇന്ത്യന്‍ വൈദ്യുത വിതരണ മേഖല പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെ ഇറ്റാലിയന്‍ വൈദ്യുതി വിതരണ കമ്പനിയായ എനല്‍ ഗ്രൂപ്പ് വൈദ്യുത വിതരണ മേഖലയിലേക്ക് കടക്കാന്‍ തയാറെടുക്കുന്നു. ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഫ്രാന്‍സെസ്‌കോ സ്റ്ററേസ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. നിലവില്‍ എനല്‍ ഗ്രൂപ്പ് ഇന്ത്യയില്‍ വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതുവരെ വിതരണ രംഗത്ത് സ്വകാര്യ കമ്പനികളെ അനുവദിച്ചിരുന്നില്ല. ആളോഹരി വൈദ്യുത ഉപഭോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വൈദ്യുതി വിതരണ രംഗത്ത് കൂടി സ്വകാര്യ കമ്പനികളെ അനുവദിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.2003 ലെ ഇലക്ട്രിസിറ്റി ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് രേഖ ഏപ്രിലിലാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതില്‍ അഭിപ്രായം പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഇലക്ട്രിസിറ്റി (ലേറ്റ് പേമെന്റ് സര്‍ചാര്‍ജ്) ഭേദഗതി നിയമത്തിലും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ പ്രയോഗത്തില്‍ വരുന്നതോടെ ടെലികോം സേവനദാതാക്കളെ തെരഞ്ഞെടുക്കുന്നതു പോലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ദാതാക്കളെയും തെരഞ്ഞെടുക്കാനാകും. നിരക്കിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ബില്ലിനെ പല സംസ്ഥാനങ്ങളും എതിര്‍ക്കാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും ജനവിരുദ്ധമാണെന്നും പ്രഖ്യാപിച്ച് മമതാ ബാനര്‍ജി ആദ്യ വെടി പൊട്ടിച്ചിട്ടുമുണ്ട്.

Author

Related Articles