News

സിഗരറ്റ് രാജാവ് ഐടിസി 'കോഫീ സാമ്രാജ്യത്തെ' വാങ്ങുമോ? കൊക്കക്കോളയ്ക്ക് പിന്നാലെ കഫേ കോഫീ ഡേയില്‍ ഓഹരി വാങ്ങാനൊരുങ്ങി ഐടിസിയും

ബെംഗലൂരു: ഇന്ത്യയെ കാപ്പി എന്നത് ആസ്വദിച്ച് രുചിക്കാന്‍ പഠിപ്പിച്ച കഫേ കോഫീ ഡേയുടെ തകര്‍ച്ച വാര്‍ത്തകളില്‍ നിറഞ്ഞ വേളയിലാണ് കടത്തില്‍ മുങ്ങി നില്‍ക്കുന്ന കമ്പനിയില്‍ ഓഹരി നേടാനുള്ള നീക്കവും നടക്കുന്നത്. കഫേ കോഫീ ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ദ്ധയുടെ സ്വപ്‌ന പദ്ധതിയായ ഐടി പാര്‍ക്ക് യുഎസ് കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍ വാങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോഫീ ഡേയുടെ ഓഹരികള്‍ വാങ്ങാന്‍ കൊക്ക കോളയും നീക്കം നടത്തുന്നുവെന്ന സൂചനയും ബിസിനസ് ലോകത്തെ ചര്‍ച്ചയായത്.

ഇത് ഇക്കാര്യത്തില്‍ സ്ഥിരീകരണമാകും മുന്‍പാണ് രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മ്മാതാവായ ഐടിസി കഫേ കോഫി ഡേയില്‍ ഓഹരികള്‍ വാങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ക്ലാസിക്ക്, ഗോള്‍ഡ് ഫ്‌ളെയ്ക്ക് എന്നീ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കമ്പനിയായി മാറിയ ഒന്നാണ് ഐടിസി. 

വി.ജി. സിദ്ധാര്‍ത്ഥയുടെ സ്വപ്ന പദ്ധതിയായിരുന്ന ഐടി പാര്‍ക്ക് വരെ യുഎസ് ഓഹരി വ്യാപാര കമ്പനിയായ ബ്ലാക്ക് സ്റ്റോണ്‍ 3000 കോടി രൂപയ്ക്ക് വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കഫേ കോഫീ ഡേ ചെയ്നില്‍ വലിയ ഓഹരിക്കായി കൊക്ക കോള നീക്കം നടത്തുന്നുവെന്ന സൂചനകളും പുറത്ത് വരുന്നത്. കമ്പനിയുടെ കടങ്ങള്‍ വീട്ടാനുള്ള മാര്‍ഗം തുറന്നുകൊണ്ട് കഫേ കോഫീ ഡേയില്‍ മികച്ചൊരു ഓഹരി വാങ്ങാമെന്ന ഓഫറുമായിട്ടാണ് കൊക്ക കോള സമീപിച്ചിരിക്കുന്നത്.

എന്നാലിത് കഫേ ബിസിനസില്‍ പുത്തന്‍ ചുവടുവെപ്പ് നടത്താനുള്ള കൊക്ക കോളയുടെ നീക്കമാണെന്നും സംശയങ്ങള്‍ ഉയരുന്നു. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ കൊക്ക കോളയുടെ ഉത്പന്നങ്ങളുടെ വിപണിയില്‍ ഇപ്പോള്‍ കാര്യമായ ഇടിവാണ് കാണുന്നത്. കഫേ കോഫീ ഡേയുടെ തന്നെ സഹസ്ഥാപനമായ സിക്കാല്‍ ലോജിസ്റ്റിക്സും ഇപ്പോള്‍ സ്വത്തുക്കള്‍ വില്‍ക്കാനുള്ള നീക്കത്തിലാണ്. കഫേ ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ കൊക്ക കോള കമ്പനിയുമായ ജൂണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

എന്നാല്‍ രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 1750 കഫേ കോഫീ ഡേ ഔട്ട്ലെറ്റുകളുടെ നല്ലൊരു ഭാഗത്തില്‍ ഓഹരി വേണമെന്നായിരുന്നു കോക്ക കോളയുടെ ആവശ്യം. എന്നാല്‍ കുറഞ്ഞൊരു ഭാഗം മാത്രം ഓഹരി വിറ്റ് ബാക്കി റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥത തങ്ങളുടെ കൈവശം തന്നെ വേണമെന്നായിരുന്നു സിദ്ധാര്‍ത്ഥ മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാലിത് കൊക്ക കോള അംഗീകരിച്ചിരുന്നില്ല. 

Author

Related Articles