News

സൗദിയിലെ പ്രവാസികള്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നൽകുന്നു; മൂന്ന് മാസത്തേക്കാണ് നീട്ടുന്നത്; നടപടി കോവിഡ് സാഹചര്യത്തില്‍

റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് സൗജന്യമായി മൂന്ന് മാസത്തേക്ക് ഇഖാമ നീട്ടി നല്‍കി. ഓട്ടോമാറ്റിക് ആയി തന്നെ ഇത് നീട്ടി ലഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് പാസ്പോര്‍ട്ട് അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. 

മാര്‍ച്ച് പതിനെട്ടിനും ജൂണ്‍ 30 നും ഇടയില്‍ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൗജന്യമായി നീട്ടി നല്‍കുക. സൗദിയിലുള്ളവര്‍ക്കും രാജ്യത്തിന് പുറത്തുപോയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കി തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈ നടപടിക്ക് തുടക്കമായിട്ടുണ്ട്. 

ഇതിനായി അപേക്ഷ നല്‍കുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനുള്ള സൗദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി.വിദേശ തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ ആശ്രിതര്‍ക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നു. സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസത്ത്) സ്വയമേവയാണ് പുതുക്കുന്നത്.

Author

Related Articles