News

ലോകത്തെ ഏറ്റവും വലിയ ധനികനെന്ന പദവി ജെഫ് ബെസോസിന് നഷ്ടമായി; സമ്പന്നരുടെ പട്ടികയില്‍ ഒന്നാമാനായി ബില്‍ഗേറ്റ്‌സ്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി ആമസോണ്‍ മേധാവി ജെഫ് ബെസോസിന് നഷ്ടമായി. മൂന്നാം പാദത്തില്‍ ആമസോണിന് പ്രതീക്ഷിച്ചതിലും വരുമാനം കുറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ കമ്പനിയുടെ ഓാഹരിയില്‍ വന്ന ഇടിവാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഇതോടെ ജെഫ് ബെസോസിന്റെ സമ്പത്ത് 103.9 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  ഏഴ് ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഓഹരിയില്‍ ഉണ്ടായിട്ടുള്ളത്. വിപണി രംഗത്ത് വന്ന കടുത്ത മത്സരവും, മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളുടെ കടന്നുകയറ്റവുമാണ് ആമസോണിന്റെ വരുമാനത്തെ ബാധിച്ചത്. 

അതേസമയം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് 105.7 ബില്യണ്‍ ഡോളര്‍ സമ്പത്ത് നേടി ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചതായി ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 24 വര്‍ഷക്കാലം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ബില്‍ഗേറ്റ്‌സിനെ 2018 ലാണ് ജെഫ് ബെസോസ് മറികടന്ന് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 160 ബില്യണ്‍ ഡോളര്‍ സമ്പത്ത് നേടിയാണ് ബെസോസ് അന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി സ്വീകരിച്ചത്. മൂന്നാം പാദത്തില്‍ മാത്രം കമ്പനിയുടെ അറ്റ വരുമാനത്തില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ജെഫ് ബെസോസിന്റെ ആസ്തിയില്‍ കുറവ് വരാന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ കൈവശമുള്ള നാല് ശതമാനം ഓഹരി ഭാര്യ മക്കെന്‍സിക്ക് കൈമാറിയതാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആമസോണ്‍ വന്‍ നിക്ഷേപമാണ് വരും കാലങ്ങളില്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിലക്കം പ്രവശിച്ച് തങ്ങളുടെ വിപണി ശൃംഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതല്‍ സാഹചര്യം വിപുലപ്പെടുത്താനും സര്‍വീസ് മേഖല ശക്തിപ്പെടുത്താനുമാണ് കമ്പനി ആമസോണ്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നീക്കം നടത്തുന്നത്.

Author

Related Articles