ജെഫ് ബേസോസ് ബഹിരാകാശ വിനോദയാത്ര നടത്തിയത് 28 ദശലക്ഷം ഡോളര്‍ മുടക്കി; 2 വര്‍ഷത്തില്‍ നികുതിയായി ഒടുക്കിയത് 'പൂജ്യം'
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് ബഹിരാകാശത്തേക്ക് വിനോദയാത്ര പോയത് കഴിഞ്ഞ ദിവസമാണ്. 28 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ബെസോസിനൊപ്പം യാത്ര ചെയ്ത കൗമാരക്കാരന്, ഒലിവര്‍ ഡെയ്മന് ടിക്കറ്റ് ഉറപ്പിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ജെഫ് ബേസോസ് പക്ഷേ, ഈ വര്‍ഷം ഇതുവരെ നികുതിയായി ഒന്നും ഒടുക്കിയിട്ടില്ല. ഇത് ഏതെങ്കിലും ഒരു വര്‍ഷത്തെ ഒറ്റപ്പെട്ട കണക്കല്ല. 2021ല്‍ മാത്രം ജെഫ് ബേസോസിന്റെ ആസ്തി 212.40 ബില്ല്യണ്‍ ഡോളറാണ്. പക്ഷേ, നികുതി അടയ്ക്കാതെ ബെസോസ് രക്ഷപെടുന്നു.
ലോകത്തെ അതിസമ്പന്നരില്‍ ഭൂരിഭാഗവും വാഴുന്ന അമേരിക്കയില്‍ നികുതി അടക്കാതെ രക്ഷപ്പെട്ടു നടക്കുന്ന വമ്പന്മാരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഓണ്‍ലൈന്‍ മാധ്യമമായ പ്രോപബ്ലിക ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ആസ്തിയുടെ ഒരു ശതമാനം പോലും യുഎസ് ശതകോടീശ്വരന്മാര് നികുതി അടച്ചിട്ടില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണ്‍ മുതലാളിയാകട്ടെ 2007, 2011 വര്‍ഷങ്ങളില്‍ ഒറ്റ ഡോളര്‍ പോലും ഫെഡറല്‍ നികുതിയായി അടച്ചിട്ടില്ല. അമേരിക്കയിലെ ആഭ്യന്തര റവന്യൂ സര്‍വ്വീസസ് വിഭാഗത്തില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പ്രോപബ്ലിക റിപ്പോര്‍ട്ടിന് ആധാരം.
2007-ന് മുന്നേ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് ബേസോസ്. 2011ലേക്ക് എത്തുമ്പോള്‍ ആസ്തി 1800 കോടി ഡോളറായി ഉയര്‍ന്നു. ഈ രണ്ടു വര്‍ഷവും അദ്ദേഹം ആദായ നികുതി അടച്ചിട്ടുമില്ല. നിയമ-സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് പൂര്‍ണമായും നിയമം അനുസരിച്ചു കൊണ്ടുള്ള തന്ത്രങ്ങളാണ് നികുതി വെട്ടിപ്പിന് ശതകോടീശ്വരന്മാര് ഉപയോഗിക്കുന്നത് എന്നാണ്. അതായത് നിയമം പാലിച്ചുകൊണ്ട് തന്നെ ഒരു ഡോളര്‍ പോലും അടയ്ക്കാതെ രക്ഷപ്പെടാനുള്ള പഴുതുകള്‍ നിയമത്തിലുണ്ട്.
2011ല്‍ തനിക്ക് നിക്ഷേപങ്ങളില്‍ നഷ്ടം സംഭവിച്ചെന്നും കാണിച്ച് നികുതി അടച്ചില്ല എന്ന് മാത്രമല്ല, മക്കളുടെ പേരില്‍ 4000 ഡോളര്‍ നികുതിത്തുക വാങ്ങിയെടുത്തെന്നും പ്രോപബ്ലിക ആരോപിക്കുന്നു. 2006 മുതല്‍ 2018 വരെയുള്ള ബേസോസിന്റെ പൂര്‍ണ നികുതി വിവരങ്ങളും പ്രോപബ്ലികയുടെ പക്കലുണ്ട്. ഇത് ജെഫ് ബേസോസിന്റെ മാത്രം കഥയല്ല. അമേരിക്കയിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ 25ലുള്ള മിക്കരും ഇങ്ങനെ ആദായ നികുതി വകുപ്പിനെ കബളിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്, നിക്ഷേപക സ്ഥാപനമായ ബെര്ക്ഷെയര് ഹാത്വേ ചെയര്മാന് വാറന്‍ ബഫറ്റ്, ബ്ലൂംബര്‍ഗ് സ്ഥാപകന്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, നിക്ഷേപകരായ ജോര്‍ജ് സോറോസ്, കാള്‍ ഇകാഹന്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.
2018ല്‍ ഇലോണ്‍ മസ്ക് നികുതിയേ അടച്ചിട്ടില്ല. 2014 മുതല്‍ 18 വരെയുള്ള കാലത്ത് വാറന്‍ ബഫറ്റിന്റെ ആസ്തി 24.3 ബില്ല്യണോളം ഉയര്‍ന്നെങ്കിലും ആ കാലയളവില്‍ ആകെ നികുതിയായി അടച്ചത് 23.7 മില്ല്യണ്‍ ഡോളര്‍ മാത്രമാണ്. അതായത് വെറും 0.1 ശതമാനം മാത്രം. അമേരിക്കയിലെ സാധാരണ തൊഴിലാളികള്‍ നല്കുന്ന നികുതി വിഹിതവുമായി താരതമ്യപ്പെടുത്തിയാല്‍ തങ്ങളുടെ ആസ്തിയുടെ വളരെ ചെറിയ വിഹിതം മാത്രമാണ് ശതകോടീശ്വരന്മാര് നികുതിയിനത്തില്‍ നല്‍കുന്നത്. പ്രോപബ്ലികയുടെ റിപ്പോര്‍ട്ട് പ്രകാരം ബെസോസ് - ബഫറ്റ് - മസ്ക് ത്രയം 2014-18 വര്‍ഷങ്ങളില്‍ നല്‍കേണ്ടതിന്റെ വെറും 3.4 ശതമാനം മാത്രമാണ് നല്‍കിയത്. കൊവിഡ് കാലത്ത് ഏറ്റവുമധികം ആസ്തി വര്‍ധിച്ച വ്യക്തികളിലൊരാളാണ് ഇലോണ്‍ മസ്ക്.
നികുതി വെട്ടിപ്പ് പുറത്തായതോടെ സെനറ്റില്‍ സംഭവം ചര്‍ച്ചയായി. റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയക്കാരും സമ്പന്നരും. രേഖകള്‍ പൊക്കിയവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് ന്യൂയോര്‍ക്ക് മുന്‍ മേയറും ബ്ലൂംബര്‍ഗ് തലവനുമായ മൈക്കല്‍ ബ്ലൂം ബര്‍ഗ് പറഞ്ഞത്. അമേരിക്കയിലെ അതി സമ്പന്നരുടെയെല്ലാം നികുതി ഉയര്‍ത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രോപബ്ലിക റിപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ടതാണെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ക്കെതിരെ ഉടന്‍ തന്നെ അന്വേഷണം വേണമെന്നും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് ക്രാപ്പോ ഐ.ആര്.എസിനോട് ആവശ്യപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍