News

ഓഹരികള്‍ വിറ്റഴിച്ച് ജെഫ് ബെസോസ്; വിറ്റത് 3 ബില്യണ്‍ ഡോളറിലധികം വിലവരുന്ന ആമസോണ്‍ ഓഹരികള്‍

ജെഫ് ബെസോസ് ഈ ആഴ്ച തന്റെ ആമസോണ്‍ ഓഹരികളിലെ 3 ബില്യണ്‍ ഡോളറിലധികം വിറ്റു, ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ഓഹരികള്‍ വിറ്റതെന്ന് ആമസോണ്‍ സിഇഒ വിശദീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം പതിവായി തന്റെ ഓഹരികള്‍ വില്‍ക്കുകയും, പലപ്പോഴും ഇത് തന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശ കമ്പനിക്കും മറ്റ് സംരംഭങ്ങള്‍ക്കും പണം കണ്ടെത്താനായി ഉപയോഗിക്കുകയുമാണ് ചെയ്യാറുള്ളത്.

വലിയ ആസ്തികളുള്ള കോടീശ്വരന്മാര്‍ സാധാരണയായി അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവത്കരിക്കാറുണ്ട്. അതായത് എല്ലാ ആസ്തികളും ഒരേ നിക്ഷേപത്തില്‍ ഒതുക്കില്ല. ഈ വര്‍ഷം ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലും ബെസോസ് വലിയ അളവില്‍ തന്നെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷം 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരികള്‍ അദ്ദേഹം വിറ്റു. 2019ല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു.

ബെസോസിന്റെ ഓഹരി വില്‍പ്പനയെക്കുറിച്ച് ആമസോണ്‍ ഇതുവരെ പ്രതികരിച്ചില്ല. ബ്ലൂ ഒറിജിന് ധനസഹായം ചെയ്യുന്നതിനായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്ന് ബെസോസ് മുമ്പ് പറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം അടുത്തിടെ 10 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചിരുന്നു.

കഴിഞ്ഞ മാസം ബ്ലൂ ഒറിജിന്‍ ബഹിരാകാശ ടൂറിസം റോക്കറ്റ് വിക്ഷേപിച്ചിച്ചിരുന്നു. ന്യൂ ഷെപ്പേര്‍ഡ് എന്നാണ് വാഹനത്തെ വിളിക്കുന്നത്. ഇത് ന്യൂ ഷെപ്പേര്‍ഡിന്റെ പതിമൂന്നാമത്തെ പരീക്ഷണ പറക്കലായിരുന്നു. എന്നാല്‍ ഇതുവരെ മനുഷ്യരുമായി ബഹിരാകാശത്തേയ്ക്ക് പറന്നിട്ടില്ല.

വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ആസ്തി 191 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 76 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.

News Desk
Author

Related Articles