News

വീണ്ടും പറന്നുയരാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; രണ്ടാം പാദത്തില്‍ സര്‍വീസ് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളിലൊന്നായ ജെറ്റ് എയര്‍വേയ്‌സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ലൈന്‍ സിഇഒ സഞ്ജീവ് കപൂറാണ് ഇക്കാര്യം പറഞ്ഞത്. വാടകക്കെടുത്ത ബോയിങ് 737 വിമാനം ഉപയോഗിച്ച് ഏപ്രില്‍ അവസാനത്തോടെ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് സൂചനയുണ്ട്. മെയ് മാസത്തോടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതീക്ഷ.

സര്‍വീസിന് ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റുകളില്‍ ഭൂരിപക്ഷവും കരാര്‍ അടിസ്ഥാനത്തില്‍ വാടകക്കെടുക്കാനാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പദ്ധതി. സര്‍വീസിന് ആവശ്യമായ വിമാനങ്ങള്‍ക്കായി കമ്പനി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ പഴയ വിമാനങ്ങള്‍ അഭ്യന്തര സര്‍വീസിനാവും ഉപയോഗിക്കുക.

ചെലവ് ചുരുക്കുന്നതിനുള്ള നടപടികളും ജെറ്റ് എയര്‍വേയ്‌സ് സ്വീകരിക്കും. എണ്ണവില കുതിച്ചുയര്‍ന്നത് ചെലവ് ചുരുക്കലിന് തടസമാണ്. എങ്കിലും ഗ്രൗണ്ട് ഹാന്‍ഡിലിങ്, ഔട്ട്‌സൈഡ് സര്‍വീസ്, കോള്‍ സെന്റര്‍ കോണ്‍ട്രാക്ടര്‍, ഡിസ്ട്രിബ്യൂഷന്‍ കോസ്റ്റ് എന്നിവയിലെല്ലാം കമ്പനി ചെലവ് ചുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author

Related Articles