News

ഉയര്‍ന്ന് പറക്കാന്‍ തയാറായി ജെറ്റ് എയര്‍വെയ്‌സ്; 2021ല്‍ സര്‍വ്വീസ് പുന:രാരംഭിക്കുന്നു

മടങ്ങി വരവിന് ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ്. 2021 വേനല്‍ക്കാലത്ത് എയര്‍ലൈന്‍സ് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് തിങ്കളാഴ്ച ജെറ്റ് എയര്‍വേയ്സിന്റെ പുതിയ ഉടമ പറഞ്ഞു. സര്‍വ്വീസ് പുന:രാരംഭിക്കുന്ന ജെറ്റ് എയര്‍വെയ്സ് 2.0 എല്ലാ ആഭ്യന്തര സ്ലോട്ടുകളും പ്രവര്‍ത്തിപ്പിച്ച് ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ ഹബുകള്‍ തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. ടയര്‍ 2, 3 നഗരങ്ങളിലെ ഉപ ഹബ്ബുകളും ജെറ്റിന്റെ ലക്ഷ്യങ്ങളിലുണ്ട്.

ജെറ്റ് എയര്‍വെയ്സിന്റെ പുതിയ ഉടമകള്‍ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുറാരി ലാല്‍ ജലനും ലണ്ടനിലെ കാല്‍റോക്ക് ക്യാപിറ്റലും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ്. ഇവര്‍ അടുത്തിടെ ഏറ്റെടുത്ത ജെറ്റ് എയര്‍വെയ്‌സ് 2021 വേനല്‍ക്കാലത്ത് പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന ടയര്‍ 2, 3 എന്നിവയിലെ ഉപ-ഹബുകള്‍ സംബന്ധിച്ച പദ്ധതിക്കായി കൃത്യമായ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ മൂന്ന് മഹാനഗരങ്ങളായിരിക്കും പ്രധാന കേന്ദ്രങ്ങളെന്ന് ഉടമകള്‍ വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവയാണ് പ്രധാന നഗരങ്ങള്‍.

മുംബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് 2019ലാണ് സര്‍വ്വീസ് നിര്‍ത്തി വച്ചത്. 2019 ഏപ്രിലില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. ചരക്ക് ഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കമ്പനിയുടെ മറ്റൊരു ഉദ്ദേശ്യം. ജെറ്റ് എയര്‍വേസ് 2.0 ടേക്ക് ഓഫ് ചെയ്യാനുള്ള എല്ലാവിധ നടപടികളും കമ്പനി നടത്തി വരികയാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്‌സ് 2019 ഏപ്രിലില്‍ പാപ്പരത്തത്തിനായി അപേക്ഷ നല്‍കി. ഒരിക്കല്‍ 120 വിമാനങ്ങളുള്ള ശക്തമായ എയര്‍ലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിംഗ് 777-300 വിമാനങ്ങളും മൂന്ന് 737-800 വിമാനങ്ങളും രണ്ട് എയര്‍ബസ് എ 330 വിമാനങ്ങളുമാണ്. ആഭ്യന്തര, അന്തര്‍ദ്ദേശീയ എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ മുറുകെ പിടിക്കുന്നതിനും കാരിയര്‍ സേവനത്തിലേക്ക് മടങ്ങിവരുന്നതിനും ഇത് സഹായിക്കും.

Author

Related Articles