News

ജിയോയുടെ 5ജി സേവനം വരുന്നു; 2021 ന്റെ രണ്ടാം പകുതിയോടെ ഇന്ത്യയില്‍

2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ 5ജി സേവനം ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. അഞ്ചാം തലമുറ വയര്‍ലെസ് സേവനത്തിനായുള്ള നടപടികള്‍ ആരംഭിച്ചതായി അംബാനി കൂട്ടിച്ചേര്‍ത്തു. 5 ജി സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നത് രാജ്യത്തിന് ആവശ്യമാണെന്ന് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാം പതിപ്പില്‍ സംസാരിച്ച അംബാനി പറഞ്ഞു.

2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ ഇന്ത്യയില്‍ 5 ജി വിപ്ലവത്തിന് തുടക്കമിടുമെന്ന് ഉറപ്പു നല്‍കുന്നതായി മുകേഷ് അംബാനി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്വര്‍ക്ക്, ഹാര്‍ഡ്വെയര്‍, സാങ്കേതിക ഘടകങ്ങള്‍ ഇതിന് കരുത്തേകുമെന്നും അംബാനി പറഞ്ഞു. സ്‌പെക്ട്രം വിറ്റാലുടന്‍ റിലയന്‍സ് ജിയോ 5 ജി ആരംഭിക്കുമെന്ന് പറയുമ്പോഴും എതിരാളികളായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡും വോഡഫോണ്‍ ഐഡിയ ലിമിറ്റഡും വിശ്വസിക്കുന്നത് 5 ജി ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിന് ശേഷമേ ആരംഭിക്കൂവെന്നാണ്.

5 ജി വികസിപ്പിക്കുന്നതിനും അതിവേഗ നെറ്റ്വര്‍ക്കിനെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും യുഎസ് ആസ്ഥാനമായുള്ള ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റുമായി പ്രവര്‍ത്തിക്കുകയാണെന്ന് ഒക്ടോബറില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

ജിയോ 5 ജി ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 100%വും രാജ്യത്ത് തന്നെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലോകോത്തര നിലവാരമുള്ള 5 ജി സേവനം ഇന്ത്യയില്‍ ആരംഭിക്കുകയെന്നും ജൂലൈയില്‍ നടന്ന റിലയന്‍സിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി വ്യക്തമാക്കിയിരുന്നു. ടെലികോമുകളുടെ സംയോജിത നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കാരണം ജിയോയ്ക്ക് 4 ജി നെറ്റ്വര്‍ക്ക് 5 ജിയിലേക്ക് എളുപ്പത്തില്‍ അപ്ഗ്രേഡു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഉല്‍പ്പന്നങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സൊല്യൂഷനുകള്‍ എന്നിവയിലുടനീളം വേഗത്തിലുള്ള ഡാറ്റ, മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ലഭിക്കാന്‍ 5 ജി സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കും.

Author

Related Articles