News

പണിമുടക്കി റിലയന്‍സ് ജിയോ; ആശ്വാസമായി പ്രത്യേക ഡാറ്റ ഓഫര്‍

ഫേസ്ബുക്കിന് പിന്നാലെ പണിമുടക്കി റിലയന്‍സ് ജിയോയും. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ജിയോ നെറ്റ്വര്‍ക്ക് പണിമുടക്കി. നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വിളിക്കാനും, മെസ്സേജ് അയക്കാനുമൊന്നും കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെട്ടു. ഇത് ഉപഭോക്താക്കളെ നിരാശരാക്കി. നിരവധി പേര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ പ്രത്യേക ഡാറ്റ ഓഫര്‍ തന്നെ നല്‍കുകയാണ് ജിയോ. സേവനങ്ങള്‍ തടസപ്പെട്ടവര്‍ക്ക് പകരം രണ്ട് ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു പ്രശ്‌നങ്ങള്‍. ഉപഭോക്താക്കള്‍ ഔറ്റേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടറിലും പരാതിയുമായി എത്തി. ട്വിറ്ററിലും ജിയോ ഡൗണ്‍ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നമായിരുന്നു ഇതെന്നും പ്രശ്‌നം പരിഹരിച്ചെന്നും റിലയന്‍സ് ജിയോ അധികൃതര്‍ വ്യക്തമാക്കി .എന്നാല്‍ ചില ഇടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു സേവനങ്ങള്‍ തടസപ്പെട്ടത്. മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും മറ്റ് ചില പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും സേവന തടസ്സം നേരിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റ്വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു. സേവനം തടസപ്പെട്ടതിനാലാണ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നത്.

ഇതില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സേവനങ്ങള്‍ തടസപ്പെട്ടവരുടെ നമ്പറില്‍ രാത്രി മുതല്‍ രണ്ട് ദിവസത്തേക്കുള്ള അണ്‍ലിമിറ്റഡ് കോംപ്ലിമെന്ററി ഡാറ്റ നല്‍കിയിട്ടുണ്ട്. അണ്‍ലിമിറഅറഡ് ഡാറ്റ പ്ലാന്‍ വിപുലീകരിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ സര്‍വര്‍ പ്രവര്‍ത്തിക്കാതായത് വാര്‍ത്തയായിരുന്നു. ഫേസ്ബുക്ക് മാത്രമല്ല, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയും നിശ്ചലമായി . പ്രവര്‍ത്തനം തടസപ്പെട്ടത് ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കള്‍ എത്തിയിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഫേസ്ബുക്കും അനുബന്ധ കമ്പനികളും പണി മുടക്കിയിരുന്നു. പരാതികളുമായി ഉപഭോക്കാക്കള്‍ എത്തിയതോടെ ഫേസ്ബുക്ക് ഓഹരികളും കൂപ്പുകുത്തി. 4.9 ശതമാനത്തോളം ഇടിവാണ് ഇതേ തുടര്‍ന്ന് ഫേസ്ബുക്ക് ഓഹരികളില്‍ ഉണ്ടായത്. ഇത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം ഇടിയാനും കാരണമായി. ഈ ഒറ്റകാരണത്താല്‍ ശതകോടീശ്വര പട്ടികയിലും സുക്കര്‍ബര്‍ഗ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എന്നാല്‍ റിലയന്‍സ് ജിയോ ഈ പ്രതിസന്ധി തന്ത്രപരമായി തന്നെ കൈകാര്യം ചെയ്തു എന്നത് ശ്രദ്ധേയമാണ്.

ജൂലൈയില്‍ ഈ വര്‍ഷം ആദ്യമായി റിലയന്‍സ് സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെലിനെ മറികടന്നിരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ജിയോ. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി ജൂലൈയില്‍ 61.4 ലക്ഷം ആക്ടീവ് ഉപഭോക്താക്കളെ കമ്പനിയിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാം സ്ഥാനത്ത് ഭാരതി എയര്‍ടെല്‍ ആണ്.

Author

Related Articles