News

അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് 5,683.50 കോടി രൂപ സമാഹരിക്കാനൊരുങ്ങി ജിയോ; നിക്ഷേപത്തോടെ ജിയോ എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയായി ഉയരും

മുംബൈ: റിലയന്‍സ് ജിയോ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് 5,683.50 കോടി രൂപ സമാഹരിക്കും. റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമിന്റെ 1.16 ശതമാനം ഓഹരി പകരമായി അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ എഡിഐഎക്ക് (അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി) ലഭിക്കും. 

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത് 97,885.65 കോടി രൂപയാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരാന്‍ എഡിഐഎ നിക്ഷേപം സഹായിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ജിയോ പ്ലാറ്റ്ഫോംസ് വെള്ളിയാഴ്ച രണ്ട് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചിരുന്നു. ആദ്യത്തേത് 1.85 ശതമാനം ഓഹരി 9,093.60 കോടി രൂപയ്ക്ക് അബുദാബിയിലെ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായും, മറ്റൊന്ന് സ്വകാര്യ നിക്ഷേപകരുള്‍പ്പെടെ നിലവിലുള്ള ഒരു കൂട്ടം നിക്ഷേപകര്‍ക്കായി നീക്കിവച്ച ഒരു ശതമാനം ഓഹരി വില്‍പ്പനയും. 4,546 കോടി രൂപയ്ക്കുളളതാണ് രണ്ടാമത്തെ വില്‍പ്പന. ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലേക്കുമായുളള വില്‍പ്പന കരാറും ഇതില്‍ ഉള്‍പ്പെടും.

Author

Related Articles