News

കേരളം ജിയോയ്ക്ക് ഒപ്പം; റെക്കോര്‍ഡ് നേട്ടം; ഒരു കോടിയിലധികം വരിക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗം കുതിച്ചു വളര്‍ന്ന ടെലികോം കമ്പനിയാണ് ജിയോ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍ ജിയോ ആണ്. 40 കോടിയിലധികം വരിക്കാരുള്ള ജിയോ ലോകത്തെ മൂന്നാമത്തെ മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍ കൂടിയാണ്. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ടെലഫോണ്‍ സേവനങ്ങളുമെല്ലാം നല്‍കുന്ന ജിയോ കേരളത്തില്‍ പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ് എന്നാണ് വിവരം.

കേരള സര്‍ക്കിളില്‍ ജിയോയ്ക്ക് ഒരു കോടിയിലധികം വരിക്കാരായി. കൊറോണ കാലത്ത് സ്‌കൂള്‍ പഠനവും കമ്പനി ജോലികളും ഇന്റര്‍നെറ്റ് വഴി വീട്ടിലിരുന്ന് തന്നെ ചെയ്യേണ്ട സാഹചര്യം ജിയോയ്ക്കാണ് നേട്ടമായത് എന്ന് വിലയിരുത്താം. നാല് വര്‍ഷം കൊണ്ടാണ് ജിയോക്ക് ഇത്രയും വരിക്കാരെ സ്വന്തമാക്കാനായത് എന്നത് എടുത്തുപറയേണ്ടതാണ്. ജിയോ വളരുമ്പോള്‍ സ്വാഭാവികമായും മറ്റു ടെലികോം കമ്പനികള്‍ക്ക് ക്ഷീണമുണ്ടാകുകയും ചെയ്തു.

കൊറോണ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. പിന്നീട് അതിവേഗം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് മാര്‍ച്ച് അവസാന വാരത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കമ്പനികളെല്ലാം അടച്ചിട്ടു. പാഠശാലകളും തുറക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. പുതു അധ്യയന വര്‍ഷം തുറന്നപ്പോള്‍ പരിഹാരമായി എല്ലാവരും കണ്ടെത്തിയത് ഓണ്‍ലൈന്‍ പഠനമാണ്. വാട്സ്ആപ്പും സൂം വഴിയും പഠനങ്ങള്‍ ആരംഭിച്ചു. ഇതോടെയാണ് ഇന്റര്‍നെറ്റ് സേവനം കേരളത്തില്‍ കൂടുതലായി വേണ്ടി വന്നത്.

ഈ അവസരം ജിയോ പരമാവധി മുതലെടുക്കുകയായിരുന്നു. ഒട്ടേറെ പുതിയ ടവറുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നെറ്റ് വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്തു. ഇനി 5 ജി സേവനം ലഭ്യമാക്കാനാണ് ജിയോയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യം 5ജി എത്തിക്കുക ജിയോ ആകുമെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം, ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Author

Related Articles