News

പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ജിയോ; ഡന്‍സോയില്‍ വന്‍ നിക്ഷേപം നടത്തിയേക്കും

മുംബൈ: ചെറുനഗരങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നിന്റെ ഭാഗമായി റിലയന്‍സ് ജിയോ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡന്‍സോയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയേക്കും. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഡന്‍സോ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് റിലയന്‍സ് നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1850 കോടി രൂപ നിക്ഷേപിച്ചേക്കുമെന്നാണ് അറിയുന്നത്.  

ഗൂഗിളിന്റെകൂടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഡന്‍സോ 6000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈറ്റ്ബോക്സ്, ഇവോള്‍വന്‍സ്, ഹന ഫിനാഷ്യല്‍ ഇന്‍വെസ്റ്റുമെന്റ്, എല്‍ജിടി ലൈറ്റ്സ്റ്റോണ്‍, ആള്‍ട്ടീരിയ ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളില്‍നിന്ന് ഇതിനകം  40 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

2015ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പില്‍ ഇതിനകം 121 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണെത്തിയത്. ബ്ലൂം വെഞ്ച്വേഴ്സ്, കല്‍പവൃക്ഷ് ഫണ്ട്, പട്നി വെല്‍ത്ത് അഡൈ്വസേഴ്സ് എന്നിവരും ഡെന്‍സോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കോവിഡും ലോക്ഡൗണും ഇ-കൊമേഴ്സ് മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നത് ഹൈപ്പര്‍ ലോക്കല്‍ തലത്തില്‍ കടുത്തമത്സരത്തിനിടയാക്കി. ജൂലായില്‍ ഫ്ളിപ്കാര്‍ട്ടിന്റെ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി ആപ്പായ ഫ്ളിപ്കാര്‍ട്ട് ക്വികിന് ബെംഗളുരുവില്‍ തുടക്കമിട്ടിരുന്നു. ഭക്ഷ്യവിതരണക്കമ്പനിയായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിലൂടെ പലചരക്ക് വിതരണമേഖലയിലേക്കും കടന്നു.

വീടുകളില്‍ പലചരക്ക് സാധനങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി സൊമാറ്റായും ഓണ്‍ലൈന്‍ ഗ്രോസറി വിതരണ കമ്പനിയായ ഗ്രോഫേഴ്സില്‍ നിക്ഷേപം നടത്തിയിരുന്നു. ഓര്‍ഡര്‍ചെയ്ത അതേദിവസംതന്നെ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ പണംചെലവാക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറായതും കൂടുതല്‍ സാധ്യതകള്‍ നല്‍കി.

പലചരക്ക്, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ചെയ്ത അന്നുതന്നെ ലഭിക്കുകയാണെങ്കില്‍ ശരാശരി 44 രൂപ വിതരണചെലവായി നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാണെന്ന് പ്രമുഖ മാനേജുമെന്റ് കണ്‍സള്‍ട്ടന്റ് റഡ്സീറും ലോജിസ്റ്റിക്സ് സ്ഥാപനമായ ഷാജോഫാക്സും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. റീട്ടെയില്‍, ഇ-കൊമേഴ്സ് മേഖലയില്‍ വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന റിലയന്‍സിന് ഡന്‍സോയുമായുള്ള കൂട്ടുകെട്ട് പ്രയോജനംചെയ്യുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles