News

മോദി ചിന്തിക്കുന്നത് രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെ കുറിച്ച് മാത്രം; ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയും; അഞ്ചു വര്‍ഷമായി അവധിയെടുക്കാതെയാണ് പ്രധാനമന്ത്രി പണിയെടുക്കുന്നതെന്നും ബോളിവുഡ് താരം ജൂഹി ചൗള; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുമ്പോള്‍

മുംബൈ: പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് നടി ജൂഹി ചൗള. നരേന്ദ്ര മോദി രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ല. ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

സവര്‍ക്കര്‍ സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു. സദസിലുള്ളവര്‍ മോദി എന്ന് ഉത്തരം നല്‍കി. ഒരു ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു.

താന്‍ സംസാരിക്കുന്നത് ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താന്‍ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാള്‍ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള പറഞ്ഞു. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനായി ഒന്നിച്ചുനില്‍ക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

''രാജ്യത്തിന്റെ ഐക്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ആരെങ്കിലും കുടുംബം തകര്‍ക്കുമോ? എല്ലാവരും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്‌നിക്കണം''- ജൂഹി ചൗള പറഞ്ഞു.

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെക്കുറിച്ച് യോഗത്തിനിടെ ആജ്തക് ലേഖകന്‍ ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിനു പകരം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ജൂഹി ചൗള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'സ്വതന്ത്ര കശ്മീര്‍, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍, തെറ്റായ പ്രചാരണം, തെറ്റിദ്ധാരണ ഇല്ലാതാക്കുക' എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. കലാകാരന്മാരെന്ന നിലയില്‍, ഒരു പ്രതികരണത്തിനായി മാത്രം സംഭവങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അനീതിയാണെന്നും അവര്‍ക്ക് സാഹചര്യം യഥാര്‍ഥത്തില്‍ മനസിലാക്കാന്‍ സമയം നല്‍കണമെന്നും ജൂഹി ചൗള പറഞ്ഞു.

Author

Related Articles