News

കല്‍പ്പന കൊച്ചാര്‍ ഐഎംഎഫില്‍ നിന്നും വിരമിക്കുന്നു; ഇനി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധയായ കല്‍പ്പന കൊച്ചാര്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ ചേരുന്നു. നിലവില്‍ അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യിലെ എണ്ണം പറഞ്ഞ സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ കൊച്ചാര്‍ അടുത്ത മാസം ഫണ്ടില്‍ നിന്നും വിരമിക്കുകയാണ്.   

ഐഎംഎഫിന്റെ ദൗത്യത്തില്‍ വലിയ തോതില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കല്‍പ്പന കൊച്ചാര്‍. 33 വര്‍ഷക്കാലം അവര്‍ ഫണ്ടില്‍ സേവനമനുഷ്ടിച്ചു. ശക്തമായ വനിതാ നേതൃത്വത്തിന്റെ തിളങ്ങുന്ന മാതൃകയാണ് കല്‍പ്പനയെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റലിന ജോര്‍ജൈവ വിശേഷിപ്പിച്ചത് വെറുതെയല്ല.

ബില്‍ ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ഇവിടെ ഡെവലപ്മന്റ് പോളിസി ആന്‍ഡ് ഫൈനാന്‍സ് മേധാവി ആയാണ് കല്‍പ്പന കൊച്ചാര്‍ ചേരുന്നത്. ആന്ധ്ര പ്രദേശുകാരിയായ കല്‍പ്പന ആദ്യകാല ജീവിതം കൂടുതലും ചെലവഴിച്ചത് ചെന്നൈയിലാണ്. ഐഎംഎഫില്‍ ചേരുന്നതിന് മുമ്പ് അമേരിക്കയിലെ പ്രശസ്തമായ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു അവര്‍. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇന്ത്യയെ ഉപദേശിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു കല്‍പ്പന കൊച്ചാര്‍.

Author

Related Articles