News

കല്യാണ്‍ ജുവല്ലേഴ്സ് ഓഹരി വിപണിയില്‍ ഉടന്‍ ലിസ്റ്റ് ചെയും; ലക്ഷ്യം 1,750 കോടിയുടെ സമാഹരണം

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജുവല്ലേഴ്സ് ഓഹരി വിപണിയില്‍ ഉടനെ ലിസ്റ്റ് ചെയ്തേക്കും. പ്രാരംഭ ഓഹരി വില്പന (ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,750 കോടിയാകും വിപണിയില്‍നിന്ന് സമാഹരിക്കുക.

വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ  വാര്‍ബര്‍ഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാന്‍ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന. ആക്സിസ് ക്യാപിറ്റല്‍, സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയവയാകും ഐപിഒയ്ക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തുവരുന്നത്. രണ്ടു തവണയായി വാര്‍ബര്‍ഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്സില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍തന്നെ ജുവല്‍റി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്.

റേറ്റിങ് ഏജന്‍സിയായ ഇക്രയുടെ സെപ്റ്റംബര്‍ 2019 ലെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ബര്‍ഗിന് കല്യാണില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാണ്‍ ജുവല്ലേഴ്സിന്റെ വരുമാനം. 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാണ്‍ സ്റ്റോറുകളും ഇന്ത്യയില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്നു. കോവിഡിനെതുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. പവന്റെ വിലയില്‍ 3,500 രൂപയോളം കുറവുണ്ടായതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചതായി ഈമേഖലയില്‍നിന്നുള്ളവര്‍ പറയുന്നു.

Author

Related Articles